
ദുബായ് : ദുബായില്‍ ഡ്രൈവറില്ലാ വാഹനത്തില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ അവസരം.
ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ (ദീവ) മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിലെ ഇന്നൊവേഷന്‍ സെന്ററാണ് സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കുന്നത്.
പാര്‍ക്കിലെ സന്ദര്‍ശകര്‍ക്ക് ഡ്രൈവറില്ലാ വാഹനങ്ങള്‍ (സ്മാര്‍ട്ട് നൂതന ഓട്ടോണമസ് ബസുകള്‍) സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കും. ഇന്നൊവേഷന്‍ സെന്ററിലും സോളാര്‍ പാര്‍ക്കിലെ ഇന്നൊവേഷന്‍ ട്രാക്കിലുമാണ്ബസ് സന്ദര്‍ശകരെ കൊണ്ടുപോവുക.
ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊഡ്യൂസര്‍ (ഐ.പി.പി.) മോഡല്‍ ഉപയോഗിച്ചുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് സോളാര്‍ പാര്‍ക്കാണ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്ക്.
5000 മെഗാവാട്ട് ശുദ്ധ വൈദ്യുതിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്കിന്റെ നിര്‍മാണം. പദ്ധതിയുടെ ആകെ ചെലവ് 50 ബില്യന്‍ ദിര്‍ഹമാണ്. ലോകത്തുതന്നെ സൗരോര്‍ജ പദ്ധതിക്കുവേണ്ടിയുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്ക് പദ്ധതിയിലൂടെ 2,70,000 വീടുകള്‍ക്ക് വൈദ്യുതി ലഭിക്കും.
സുസ്ഥിരതയെക്കുറിച്ചുള്ള അവബോധം, വ്യക്തികളെ സൗരോര്‍ജത്തില്‍ ബോധവത്കരിക്കല്‍, വിവിധ പ്രദര്‍ശനവും വിദ്യാഭ്യാസ ടൂറുകളുമൊരുക്കി ശുദ്ധോര്‍ജ മേഖലയെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്ന് ദീവ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സയീദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.