
അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടനകേസില്‍ ശിക്ഷ വിധിച്ചു കോടതി. 38 പേര്‍ക്ക് വധശിക്ഷയും 11 പ്രതികള്‍ക്ക് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷയുമായാണ് കോടതി വിധിച്ചത്.
അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ് വിധി. നാല് മലയാളികളടക്കം 49 പേരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
ഷിബിലി എ കരീം, ശാദുലി എ കരീം, മുഹമ്മദ് അന്‍സാര്‍ നദ്വി, ബി ശറഫുദ്ദീന്‍ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളികള്‍. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 28 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.
2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു.
വര്‍ഷങ്ങളോളം നീണ്ട വിചാരണക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. 2008 ജൂലായ് 26നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 56 പേര് കൊല്ലപ്പെട്ടു.
സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ 85 പേരെയാണ് ഗുജറാത്ത് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്.
എന്നാല്‍ 78 പ്രതികള്‍ക്കെതിരെയാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ ഒരു പ്രതി മാപ്പുസാക്ഷിയായി.