
തിരുവനന്തപുരം: കുട്ടികളുടെ വാക്സിൻ എടുക്കാൻ എത്തുമ്പോൾ മറ്റ് അസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്സിന് സ്വീകരിക്കുന്നതിന് മുമ്പ് അറിയിക്കണമെന്ന് നിർദേശം. കോവിഡ് വന്ന കുട്ടികള്‍ മൂന്നുമാസം കഴിഞ്ഞ് വാക്സിന് എടുത്താല്‍ മതിയാകും. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളോ അലര്‍ജിയോ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വാക്സിനേഷൻ സ്ഥലത്തേക്ക് വിടുക. ഒരിക്കല്‍ക്കൂടി വാക്സിനേറ്റര്‍ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ച ശേഷം വാക്സിന് നല്‍കും.
അര മണിക്കൂര്‍ നിരീക്ഷിച്ച് മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലെന്ന് ഉറപ്പു വരുത്തിയാൽ തിരികെ പോകാം. ഭക്ഷണം കഴിച്ചതിനു ശേഷമാണ് വാക്സിനേഷന് കേന്ദ്രത്തിലെത്തേണ്ടത്. ഒമിക്രോണ്‍ സാഹചര്യത്തില്‍ കുടിക്കാനുള്ള വെള്ളം അവരവര്‍ കരുതുന്നതാണ് നല്ലത്.
കഴിവതും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം വാക്സിനേഷൻ കേന്ദ്രത്തില്‍ എത്തണം. ഓരോരുത്തരും രജിസ്റ്റര്‍ ചെയ്ത വിവരങ്ങളാണ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകുക. പിന്നീടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ തെറ്റുകൂടാതെ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആദ്യ ഡോസ് വാക്സിൻ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.