
തൃശൂർ നഗരത്തെ ശബ്ദമലിനീകരണത്തിൽ നിന്നും മുക്തമാക്കുക എന്ന ലക്ഷ്യത്തിനായി തൃശൂർ സിറ്റി പോലീസ് നഗരത്തിൽ തുടക്കം കുറിച്ച നോ-ഹോൺ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും.
തൃശൂർ സ്വരാജ് റൌണ്ടിൽ ആരംഭിച്ച പദ്ധതി വിജയകരമാണെന്നു ബോധ്യപ്പെട്ടതിനാലും, പോലീസ് മുന്നോട്ടുവെച്ച ആശയത്തോട് പൊതുജനങ്ങളും വാഹന ഉപയോക്താക്കളും മികച്ച സഹകരണം നൽകിയതിനാലുമാണ് പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായത്.
നോ ഹോൺ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പടിഞ്ഞാറേ കോട്ടയിൽ നിന്നും സിവിൽ സ്റ്റേഷൻ മോഡൽ റോഡ് ആരംഭിക്കുന്നതു മുതൽ മോഡൽ റോഡ് അവസാനിക്കുന്നതു വരേയും കലക്ടറേറ്റ്, ജില്ലാ കോടതി സമുച്ചയം എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളുമാണ് ഹോൺ മുക്ത മേഖലയായി പ്രഖ്യാപിക്കുന്നത്.
രണ്ടാം ഘട്ട നോ-ഹോൺ മേഖലകളുടെ പ്രഖ്യാപനം ഇന്ന് രാവിലെ 10 മണിക്ക് പടിഞ്ഞാറേ കോട്ട പരിസരത്തു വെച്ചു നടക്കുന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ നിർവ്വഹിക്കും.