
ഒരുമനയൂർ: പഞ്ചായത്ത് ഭരണത്തിനും സി.പി.എമ്മിനുമെതിരെ പരസ്യമായി പൊട്ടിത്തെറിച്ച് ഒരുമനയൂര്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ കെ.എച്ച്. കയ്യുമ്മു ടീച്ചർ രംഗത്തെത്തിയിരുന്നു.
എന്നാൽ ഭരണപക്ഷത്തെ തമ്മിലടി മൂലം പഞ്ചായത്തിന്റെ വികസനം സ്തംഭനാവസ്ഥയിലാണെന്ന വാദവുമായി പ്രതിപക്ഷം രംഗത്തെത്തി. സി.പി.എമ്മിനകത്തു തന്നെ ഭിന്നത രൂക്ഷമാണെന്നും പ്രതിപക്ഷ നേതാവ് കെ.ജെ. ചാക്കോ പറഞ്ഞു.
പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കയ്യുമ്മു ഭരണത്തിനും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതും ഇറങ്ങി പോയതും.
തന്നെ പാര്‍ട്ടി നേതൃത്വത്തിലെയും പഞ്ചായത്ത് ഭരണ നേതൃത്വത്തിലെയും ചിലര്‍ അവഗണിക്കുകയാണെന്നായിരുന്നു അവരുടെ ആരോപണം.
പാര്‍ട്ടി അംഗത്വം താന്‍ രാജിവെക്കുമെന്നും എന്നാല്‍ പഞ്ചായത്ത് അംഗത്വം രാജി വെക്കില്ലെന്നും എന്നെ വിജയിപ്പിച്ച വോട്ടർമാർ പറയുന്ന പക്ഷം രാജി വെക്കാമെന്നും കയ്യുമ്മു ടീച്ചർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് വി.സി. ഷാഹിബാന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി ജോഷി ഫ്രാന്‍സിസ് തുടങ്ങിയവര്‍ കയ്യുമ്മുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല.
പഞ്ചായത്ത് ഭരണം തുടങ്ങിയത് മുതൽ സിപിഎമ്മിനകത്തു പടലപിണക്കം രൂക്ഷമായിരുന്നു.