ഐ.എസ്.എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് അങ്കത്തിനിറങ്ങുന്നത് പോയന്റ് പട്ടികയിൽ മുന്നിൽ എത്താനായിരിക്കും. മൂന്നു ഗോൾ വ്യത്യാസത്തിലാണ് ജയിക്കുന്നത് എങ്കിൽ മുംബൈയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാം. അല്ലെങ്കിൽ നിലവിൽ ഒന്നാം സ്ഥാനത്ത് ഉള്ള മുംബൈക്ക് ഒപ്പം പിടിക്കാം. സമനിലയാണെങ്കിൽ മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടാം.
നിലവിൽ 13 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉളളത്. എട്ടു പോയന്റുമായി എട്ടാമതുള്ള എഫ്.സി ഗോവയാണ് ഇന്നത്തെ എതിരാളികൾ. 13 പോയന്റും ഒരു ഗോളിൻ്റെ നേട്ടവുമായി ബ്ലാസ്റ്റേഴ്സിന്റെ തൊട്ടുമുന്നിലുള്ള ജാംഷഡ്പുർ എഫ്.സിയും 11 പോയന്റുമായി തൊട്ടുപിറകിലുള്ള ചെന്നൈയിൻ എഫ്.സിയും തമ്മിലാണ് ഇന്നത്തെ രണ്ടാം മത്സരം. ഈ മത്സരഫലവും ബ്ലാസ്റ്റേഴ്സിന്റെ പോയിൻ്റ് ടേബിളിലെ സ്ഥാനത്തെ ബാധിക്കാം.
ആദ്യ കളിയിൽ എ.ടി.കെ മോഹൻ ബഗാനോട് തോറ്റെങ്കിലും കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടില്ല. കരുത്തരായ മുംബൈയെയും ചെന്നൈയിനെയും ആധികാരികമായി തോൽപിച്ച ടീം കഴിഞ്ഞ മത്സരത്തിൽ സമനില ആയെങ്കിലും മികച്ച കളിയാണ് പുറത്തെടുത്തത്.