
ചങ്ങരംകുളം : മലപ്പുറം ചങ്ങരംകുളത്ത് വിദാർഥികൾ തമ്മിൽ സംഘർഷമുണ്ടായി. ചങ്ങരംകുളം അസ്സബാഹ് ആട്സ് ആന്റ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. ബിഎസ്സി രണ്ടാം വർഷ വിദ്യാർത്ഥികൾക്കാണ് ക്രൂരമായി മർദനമേറ്റത്. സീനിയർ വിദ്യാർത്ഥികളാണ് ഇവരെ മർദിച്ചത് എന്നാണ് വിവരം. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോളേജിന് സമീപത്തെ റോഡിൽ വെച്ച് ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. സംസ്ഥാന പാതയ്ക്ക് സമീപം വെച്ച് നടന്ന മർദനത്തിനിടെ തലനാരിഴയ്ക്കാണ് വാഹനങ്ങൾ റോഡിലൂടെ കടന്നു പോകുന്നത്. ഇത്തരം സംഭവങ്ങൾ കോളേജിൽ പതിവാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
കോളേജിന് പുറത്ത് വെച്ചാണ് അടിപിടിയുണ്ടായതെങ്കിലും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കോളേജ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥികളുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നാളെ കോളേജിൽ ചേരുന്ന ആന്റി റാഗിംങ് കമ്മിറ്റി അന്വേഷണത്തിന് ശേഷം കേസിൽ കൂടുതൽ വകുപ്പുകൾ ചേർത്തുമെന്നാണ് വിവരം.