
വാടാനപ്പള്ളി :ബൈക്കിൽ എത്തിയ ആൾ 600 രൂപയുടെ ലോട്ടറി ടിക്കറ്റ് എടുത്ത് 2000 രൂപയുടെ കള്ളനോട്ട് നൽകി ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ചതായി പരാതി.
തളിക്കുളം ചേന്ദങ്ങാട്ട് വീട്ടിൽ രമണനെയാണ് കള്ളനോട്ട് നൽകി വഞ്ചിച്ചത്.ചൊവ്വാഴ്ച രാവിലെ 11 ഓടെ കിഴക്കേ ടിപ്പു സുൽത്താൻ റോഡിൽ പുളിയംതുരുത്ത് ഭാഗത്ത് വെച്ചായിരുന്നു സംഭവം.
ബൈക്കിൽ എത്തിയ ആൾ നടന്ന് ലോട്ടറി വിൽപ്പന നടത്തുന്ന രമണനോട് ലോട്ടറി ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് കാണിച്ചതോടെ ഇഷ്ടപെട്ട നമ്പറിലുള്ള 15 ടിക്കറ്റ് എടുത്തു.600 രൂപയാണ് വില.
2000 രൂപയാണെന്നും മാറാൻ ഉണ്ടോ എന്ന് അയ്യാൾ ചോദിച്ചു. 1500 രൂപ രമണൻ നൽകിയതോടെ ഇയ്യാൾ 2000 രൂപ നൽകി വേഗംബൈക്കിൽ സ്ഥലം വിട്ടു. വാങ്ങിയ നോട്ടിൽ സംശയം തോന്നിയതോടെ രമണൻ നോട്ട് ഓട്ടോ ഡൈവർമാരെ കാണിച്ചു.
അവരും നോട്ടിൽ സംശയം പ്രകടിപ്പിച്ചു.തുടർന്ന് വാടാനപ്പള്ളിയിലെ ബാങ്കിൽ പോയി നോട്ട് നൽകി പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് ഉറപ്പാക്കിയത്.
വഞ്ചിക്കപ്പെട്ടെന്ന് ഉറപ്പായതോടെ രമണൻ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി.പ്രതിയെ പിടികൂടാൻ പൊലീസ് പ്രദേശത്തെ സി.സി.ടി.വി കാമറ പരിശോധിച്ചു വരുകയാണ്.