
ഫെനി കുടിക്കാനായി ഗോവ വരെ പോകണമെന്ന് കരുതുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി കേരളാ കശുവണ്ടി കോര്പ്പറേഷന്. കേരളത്തില്‍ പൂട്ടികിടക്കുന്ന ഫാക്ടറികള്‍ പുനരുജ്ജീവിപ്പിച്ച്, നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിച്ച് ‘നാടന്‍ കേരളാ ഫെനി’ ഉൽപാദിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് കോര്പ്പറേഷന്.
ഈ മാസം സര്‍ക്കാരിന്റെ അനുമതി കിട്ടുമെന്ന് പ്രതീക്ഷ. വടകര ചോമ്പാലയിലെ കോര്‍പ്പറേഷന്റെ രണ്ടര ഏക്കര്‍ സ്ഥലത്താകും ഫാക്ടറി. കശുമാവ് കര്‍ഷകര്‍ ഏറെയുള്ള കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ആശ്രയിച്ചാണ് ഇവിടെ ഫാക്ടറി തുടങ്ങുന്നത്.
ചെലവുകുറഞ്ഞ കൃഷിയാണ് കശുമാവ്. തരിശായ സ്ഥലം മാത്രം മതി. വെള്ളവും വളവും വേണ്ട. ഒരു കിലോ കശുഅണ്ടിക്ക് 140 രൂപയോളം ലഭിക്കുന്നുണ്ട്. ഒരു വൃക്ഷത്തില്‍നിന്ന് പത്തു കിലോവരെ കശുഅണ്ടി കിട്ടും. 30-35 വര്‍ഷത്തോളം വിളവെടുക്കാം. കശുഅണ്ടിപ്പരിപ്പിന് 900 മുതല്‍ 1100 രൂപാവരെ വിലകിട്ടുന്നുണ്ട്. പോഷകസമൃദ്ധമായ കശുമാങ്ങ തോട്ടങ്ങളില്‍ ചീഞ്ഞളിഞ്ഞു പോവുകയാണ്. ഫെനി ഉത്പാദനം തുടങ്ങിയാല്‍ കശുമാങ്ങയ്ക്കും വില കിട്ടും. കശുമാവ് കൃഷിയും വര്‍ദ്ധിക്കും. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പദ്ധതി വലിയ പ്രയോജനമാകും.
കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കശുഅണ്ടിയുടെ 60 ശതമാനവും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായിരുന്നു. 2004-2005ല്‍ ഇരുജില്ലകളിലുമായി 41,022 ഹെക്ടര്‍ കൃഷിയുണ്ടായിരുന്നു. ഇപ്പോഴിത് 39,068 ഹെക്ടറിലേക്ക് ചുരുങ്ങിയിട്ടുണ്ട്. വില സ്ഥിരതയില്ലാത്തതും സര്‍ക്കാരിന്റെ പ്രോത്സാഹനമില്ലാത്തതുമാണ് കാരണം. ഇവിടത്തെ കശുഅണ്ടി ലോകത്തിലെ ഏറ്റവും മികച്ച ഗ്രേഡില്‍ പെട്ടതാണ്. ഡബ്ല്യു 180 എന്‍ ഇനത്തിന് വിദേശത്ത് നല്ല വിലയുണ്ട്.
ഇതിനകം തന്നെ കോര്പ്പറേഷന് ചെയര്‍മാനും സംഘവും ഗോവയിലെ ഫെനി നിര്‍മ്മാണ യൂണിറ്റുകളില്‍ സന്ദര്‍ശനം നടത്തി. പ്രൊജക്ട് രേഖ ഉടന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും കോര്പ്പറേഷന് പറഞ്ഞു. ബിവറേജ് ഔട്ട്ലെറ്റുകള് വഴിയായിരിക്കും വിതരണം.