
ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് പിടിച്ചെടുത്തു. കാസർകോട് ജില്ലയിലെ വൊർക്കാഡിയിലെ ആയുർവേദ ഡോക്ടറിൽനിന്നാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ അലോപ്പതി മരുന്നുകൾ കണ്ടെടുത്തത്.
യോഗ്യതയില്ലാത്ത ആയുർവേദ ഡോക്ടർമാർ ആലോപ്പതി മരുന്നുകൾ ഉപയോഗിച്ച് അതിർത്തിഗ്രാമങ്ങളിൽ ചികിത്സ നടത്തുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം രണ്ടുദിവസങ്ങളിലായി പരിശോധന നടത്തി വരികയായിരുന്നു. വൊർക്കാടി മജിർപള്ള എന്ന സ്ഥലത്തെ ബാരധ്വജ ക്ലിനിക്കിൽനിന്ന് 30,000 രൂപ വിലവരുന്ന അലോപ്പതിമരുന്നുകൾ പിടിച്ചെടുത്ത് ഡോക്ടർക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കസ്റ്റഡിയിലെടുത്ത മരുന്നുകളും രേഖകളും കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – രണ്ടിൽ ഹാജരാക്കി. മൂന്നുമുതൽ അഞ്ചുവർഷം വരെ തടവും ഒരുലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് ഡ്രഗ് ഇന്റലിജൻസ് സ്ക്വാഡ് ചീഫ് ഇൻസ്പെക്ടർ എം. അനിൽകുമാർ പറഞ്ഞു. അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ സന്തോഷ് കെ. മാത്യു, ഡ്രഗ് ഇന്റലിജൻസ് സ്ക്വാഡ് ചീഫ് ഇൻസ്പെക്ടർ എം. അനിൽകുമാർ, സീനിയർ ഡ്രഗ്സ് ഇൻസ്പെക്ടർ കെ.വി. സുധിഷ്, കണ്ണൂർ ഡ്രഗ്സ് ഇൻസ്പെക്ടർ ഇ.എ. ബിജിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്.
പ്രത്യേക സാഹചര്യത്തിൽ ആയുർവേദ ഡോക്ടർക്ക് അലോപ്പതി മരുന്ന് നിർദേശിക്കാം. എന്നാൽ സ്റ്റോക്ക് ചെയ്യാൻ ലൈസൻസ് വേണം.എന്ന് ഡോ. പത്മേക്ഷണൻ,ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഇന്ത്യ, കാസർകോട് ജില്ലാ പ്രസിഡന്റ് പറഞ്ഞു.
ക്രോസിനാദി വടകം