
പത്രസ്വാതന്ത്ര്യത്തിന്റെ സംരക്ഷകരെ സംബന്ധിച്ചിടത്തോളം 2021 ഇരുണ്ട വര്‍ഷമാണെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്(സിപിജെ) റിപ്പോര്‍ട്ട്. 2021 ലെ ജയില്‍ സെന്‍സസ് പുറത്ത് വിട്ടുകൊണ്ടാണ് സിപിജെയും പരാമര്‍ശം.
2020ല്‍ തൊഴില്‍പരമായ കാരണങ്ങളാല്‍ ജയിലില്‍ കഴിയേണ്ടി വന്ന മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 280 ആയിരുന്നു. 2021 ഓടെ അത് 293 ആയി വർദ്ധിച്ചു.
തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകരെ ജയിലിലടച്ച റെക്കോര്‍ഡ് ചൈനക്കാണ്. 50 മാധ്യമ പ്രവര്‍ത്തകരേയാണ് ചൈന ജയിലിലിട്ടിരിക്കുന്നത്.
രണ്ടാംസ്ഥാനത്തുള്ള രാജ്യം മ്യാന്മര് ആണ്. ഫെബ്രുവരി ഒന്നിന് സൈനിക അട്ടിമറി നടന്നതിന് ശേഷം മ്യാന്മറില് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള ഭരണകൂട നീക്കം വര്‍ധിച്ചിരിക്കുകയാണ്. ഈജിപ്ത്, വിയറ്റ്നാം, ബെലാറസ് തുടങ്ങിയ രാജ്യങ്ങള്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.
ഇത് തുടര്‍ച്ചയായ ആറാം വര്‍ഷമാണ് തടവില്‍ കഴിയുന്ന തടവുകാരുടെ എണ്ണം 250ല്‍ അധികം രേഖപ്പെടുത്തുന്നത്. സ്വതന്ത്രമായ റിപ്പോര്‍ട്ടിങ്ങിനോട് അസഹിഷ്ണുത വര്‍ധിച്ചുവരുന്നതായി സിപിജെ വിലയിരുത്തുന്നു.
സ്വച്ഛാധിപതികള്‍ അധികാരം നില നിര്‍ത്താനും ഭരണകൂട വിമര്‍ശകരമായ മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഒരു കാലത്ത് ഏറ്റവും മോശം അവസ്ഥയിലായിരുന്ന തുര്‍ക്കി ഇപ്പോള്‍ ആറാം സ്ഥാനത്തിയതായും റിപ്പോര്‍ട്ട് പ്രത്യേകം എടുത്തു പറയുന്നു.
20 തടവുകാരെയാണ് തുര്‍ക്കി 2021ല്‍ ജയില്‍ മോചിതരാക്കിയത്. 18 പേര് ഇപ്പോഴും ജയിലില്‍ കഴിയുന്നുണ്ട്. 2016ലെ പരാജയപ്പെട്ട അട്ടിമറി ശ്രമത്തിന് ശേഷം തുടര്ക്കി നടത്തിയ അടിച്ചമര്‍ത്തല്‍ നടപടികള്‍ മൂലം നിരവധി മുഖ്യധാരാ മാധ്യമങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. നിരവധി പത്രപ്രവര്ത്തകർക് തൊഴില്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.
സൗദി അറേബ്യ 10 മാധ്യമ പ്രവര്‍ത്തകരെ ജയില്‍ മോചിതരാക്കി. 2021ല്‍ പുതുതായി ആരേയും തടവിലിട്ടില്ലെന്നും നിലവില്‍ 14 മാധ്യമ പ്രവര്‍ത്തകരാണ് സൗദി ജയിലുകളില്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോങ്കോങ്ങില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ സെന്‍സസില്‍ ഇടം പിടിക്കുന്നത് ഇത് ആദ്യമായാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2020ല്‍ നഗരത്തിലെ ചരിത്രപരമായ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ഭരണകൂടം ദേശീയ സുരക്ഷാ നിയമം ചാര്‍ത്തിയാണ് മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടച്ചിരിക്കുന്നത്.
ആപ്പിള്‍ ഡെയ്ലിയുടെയും നെക്സ്റ്റ് ഡിജിറ്റലിന്റെയും സ്ഥാപകനും സിപിജെയുടെ 2021 ലെ ഗ്വെന്‍ ഇഫില്‍ പ്രസ് ഫ്രീഡം അവാര്‍ഡ് ജേതാവുമായ ജിമ്മി ലായി ഉള്‍പ്പെടെ എട്ട് ഹോങ്കോംഗ് മാധ്യമ പ്രവര്‍ത്തകരെ ചൈന ജയിലിലടച്ചു. ചിലര്‍ക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും.
കൊവിഡ് 19 യുമായി ബന്ധപ്പെട്ട് ചൈനയുടെ നടപടികളെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകനും ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. 2020 മെയില്‍ ചൈനയെ വിമര്‍ശിച്ചുകൊണ്ട് റിപ്പോർട്ട് തയ്യാറാക്കിയ ഫ്രീലാന്‍ഡ് വീഡിയോ ജേര്‍ണലിസ്റ്റ് ഷാങ് ഷാന്‍ തടവില്‍ കഴിയുകയാണ്. ‘കലാപത്തിന് പ്രേരിപ്പിച്ചു, സംഘര്‍ഷം ഇളക്കിവിട്ടു’ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ഷാങ് ഷാനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ചൈനക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നവരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വേട്ടയാടുന്നതായും സിപിജെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ആത്മീയ ഗ്രൂപ്പായ ഫലുന്‍ ഗോങ്ങുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മീഡിയ കമ്പനിയായ ദി എപോച്ച് ടൈംസിന് വിവരങ്ങള്‍ കൈമാറിയതിന് 11 പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍, മാധ്യമ പ്രവര്‍ത്തകരല്ലാത്തതിനാല്‍ ഇവരുടെ പേരുകള്‍ സിപിജെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2020 ഡിസംബര്‍ 1 വരെ ഒരു മാധ്യമ പ്രവര്‍ത്തകനേയും മാന്മ്യര് ജയിലില്‍ അടച്ചിട്ടില്ല.
എന്നാല്‍, സൈനിക അട്ടിമറിക്ക് ശേഷം ഒരു വര്‍ഷത്തിനിടെ 26 മാധ്യമ പ്രവര്‍ത്തകരേയാണ് മാന്മര് ഭരണകൂടം ജയിലിലടച്ചത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാധ്യമസ്വാതന്ത്ര്യത്തിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് എത്യോപ്യയിലാണ്. 2018ല്‍ അബി അഹമ്മദ് പ്രധാനമന്ത്രിയായതിനുശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്കും പത്ര സ്വാതന്ത്ര്യത്തിനും എതിരേ നീക്കങ്ങള്‍ നടന്നു. നിരവധി മാധ്യമ പ്രവര്‍ത്തകരാണ് എത്യോപ്യയില്‍ ജയിലില്‍ കഴിയുന്നത്.
2021 ഡിസംബര്‍ ഒന്ന് വരെ 19 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സിപിജെ രേഖപ്പെടുത്തി. 2020ല്‍ 22 പേരാണ് കൊല്ലപ്പെട്ടത്. യുദ്ധ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഈ വര്‍ഷം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏറ്റവും മോശം രാജ്യമായി മെക്സിക്കോ തുടര്‍ന്നു. റിപ്പോര്‍ട്ട് ചെയ്തതിന് നേരിട്ടുള്ള പ്രതികാരമായി മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മറ്റ് ആറ് കൊലപാതകങ്ങളും അവരുടെ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ടത് ഇന്ത്യയിലാണെന്ന് സിപിജെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ല്‍ അഞ്ച് മാധ്യമ പ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ നാല് പേര് പ്രതികാര നടപടിയുടെ ഭാഗമായാണ് കൊല്ലപ്പെട്ടത്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്.