
ലെജൻഡ്സ് ടീം സംഘടിപ്പിച്ച വാടാനപ്പള്ളി പഞ്ചായത്ത് തല ഏകദിന ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ ഈ തവണയും പഞ്ചായത്ത് മേളയിൽ നിന്ന് കായിക മത്സരങ്ങൾ ഒഴിവാക്കിയ സാഹചര്യത്തിൽ ഫുട്ബോൾ പ്രേമികൾക്കായി പഞ്ചായത്ത് മേളയുടെ ആവേശം നില നിർത്തിക്കൊണ്ട് വാടാനപ്പള്ളി പഞ്ചായത്തിലെ മാത്രം കളിക്കാരെയും ഫുട്ബാൾ ടീമുകളെയും ഉൾപ്പെടുത്തി ലെജൻഡ്സ് ടീം സംഘടിപ്പിച്ച വാടാനപ്പള്ളി പഞ്ചായത്ത് തല ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു.
രാവിലെ 9 മണിമുതൽ തളിക്കുളം പത്താം കല്ല് ലെജൻഡ്സ് അരീന ടർഫിൽ വെച്ച് നടത്തിയ വൺ ഡേ ടൂർണമെന്റിൽ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഭാരത് കലാവേദിയെ പരാജയപ്പെടുത്തി തൃത്തല്ലൂർ ഫ്രീക്ക് കരസ്ഥമാക്കി.
വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ വിന്നേഴ്സ് ട്രോഫിയും അമ്രാൻ ഗ്രൂപ്പ് ഓഫ് കമ്പനി ഡയറക്ടർ അമീർ പുതിയ വീട്ടിൽ റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു.
മികച്ച കളിക്കാരനുള്ള ട്രോഫി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ദിൽ ദിനേശനിൽ നിന്ന് ഭാരത് കലാവേദിയുടെ തമ്പിയും ഏറ്റവും നല്ല ഗോൾ കീപ്പർക്കുള്ള ട്രോഫി പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ നൗഫൽ വലിയകത്തിൽ നിന്ന് ഫ്രീക്ക് തൃത്തല്ലൂരിന്റെ സുബൈറും മാൻ ഓഫ് ദി മാച്ചിനുള്ള ട്രോഫി ലെജൻഡ്സ് ടീം മാനേജർ ജമീർഷാദിൽ നിന്ന് തൃത്തല്ലൂർ ഫ്രീക്കിന്റെ അബിയും ഏറ്റുവാങ്ങി.
ഈ ആവേശം നിലനിർത്തുന്നതിന് വേണ്ടി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് തല മത്സരം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് സംഘാടകരായ ഹബീബ്, സുധീർ പി ഹമീദ് എന്നിവർ പറഞ്ഞു.