
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാനിലെ പഴയപാത പൊളിച്ചുതുടങ്ങി.
പടിഞ്ഞാറേഭാഗത്ത് കുതിരാൻ വലതു തുരങ്കത്തിലേക്ക് പാത ബന്ധിപ്പിക്കുന്നതിനാണ് പഴയപാത പൊളിക്കുന്നത്. റോഡിന്റെ പാതിയോളം പൊളിച്ചു.
അതേസമയം ഒരു വാഹനത്തിന് കടന്നുപോകാവുന്ന വീതിയിൽ താത്കാലികമായി റോഡ് നിലനിർത്തും.
തൃശ്ശൂർജില്ലാ ഭരണകൂടത്തിന്റെ അനുമതിലഭിച്ച ശേഷമേ പൂർണമായും റോഡ് പൊളിക്കയുള്ളൂവെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനിടെ പഴയ പാത വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചുകൊണ്ട് കുതിരാൻ ക്ഷേത്രത്തിനുസമീപം റോഡിനുകുറുകെ മണ്ണിട്ട് വഴിയടച്ചു. ഇതോടെ റോഡിന്റെ ഒരുഭാഗം പൊളിക്കാതെ താത്കാലികമായി നിലനിർത്തിയതുകൊണ്ട് പ്രയോജനമില്ലാതായി.
റോഡ് പൂർണമായി പൊളിക്കുന്നതുവരെ അത്യാവശഘട്ടങ്ങളിൽ മണ്ണുനീക്കി വഴിയൊരുക്കാമെന്നാണ് കരാർകമ്പനി അധികൃതർ പറയുന്നത്. മൂന്നുമാസത്തിനുള്ളിൽ പഴയപാത പൊളിച്ച് വലതുതുരങ്കത്തിലേക്ക് റോഡ് ബന്ധിപ്പിക്കയാണ് ലക്ഷ്യം.