
പിരമിഡ് ആകൃതിയിൽ 42 നിലകളുള്ള കെട്ടിടം പാരിസ് നഗരത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിലാണ് നിർമ്മാണം നടക്കുക.
വർഷങ്ങൾ നീണ്ടു നിന്ന കൂടിയാലോചനകൾക്കും പ്ലാനിങ്ങിനും ശേഷം നിർമ്മാണം ആരംഭിക്കാൻ പോകുന്ന മനോഹരമായ ഒരു കെട്ടിടത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് പാരിസ് നഗരം.
ദ ട്രയാങ്കിൾ ടവർ എന്നാണ് ഈ സുന്ദര പിരമിഡ് കെട്ടിടത്തിന് നൽകുന്ന പേര്. എന്നാൽ നിർമ്മാണത്തിന്റെ ആദ്യഘട്ടം പോലും ആരംഭിക്കുന്നതിനു മുൻപ് തന്നെ ട്രയാങ്കിൾ ടവർ മഹാദുരന്തമാകുമെന്ന മുന്നറിയിപ്പുകൾ പലഭാഗത്തുനിന്നും ഉയരുന്നുണ്ട്.
കാലാവസ്ഥയെ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ നീക്കങ്ങൾ കെട്ടിടത്തിന്റെ നിർമ്മാണത്തോടെ വിഫലമാവുമെന്നാണ് പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ പ്രതിപാദിക്കുന്നത്.
92,000 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ 180 മീറ്റർ ഉയരത്തിൽ ഒരുങ്ങുന്ന ട്രയാങ്കിൾ ടവർ പരിസ്ഥിതിക്ക് ദോഷകരവും പാരിസ് നഗര ഭരണകൂടത്തിന്റെ കാലാവസ്ഥ പദ്ധതികളെ തകിടം മറിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സിറ്റി കൗൺസിലിലെ പരിസ്ഥിതി വിഭാഗം പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
2030-ഓടെ ഹരിത ഗൃഹവാതകങ്ങളുടെ പുറന്തള്ളൽ നേർപകുതിയായി കുറയ്ക്കാനാണ് ഫ്രാൻസ് ലക്ഷ്യമാക്കുന്നത്. ഗ്ലാസ്ഗോവിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഈ ലക്ഷ്യത്തിന് നേർവിപരീതമായിരിക്കും ട്രയാങ്കിൾ ടവർ നിർമ്മാണം എന്നാണ് വിമർശനം.
കെട്ടിടത്തിന്റെ നിർമ്മാണ സമയത്തും പ്രവർത്തന സമയത്തും കാർബൺ ഫുട്ട്പ്രിന്റ് അധികരിക്കും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയരുന്നത്. അതിനാൽ തന്നെ കെട്ടിടം നിർമ്മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുളയാണ് പരിസ്ഥിതിവാദികൾ .
ട്രയാങ്കിൾ ടവറിന്റെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത് സ്വിസ് ആർക്കിടെക്റ്റുകളായ ഹെർസോഗ്, മ്യൂറൺ എന്നിവർ ചേർന്നാണ്. കെട്ടിടത്തിന്റെ നിർമ്മാണം സംബന്ധിച്ച പ്ലാനിങ്ങുകൾ വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും ഫണ്ട് കണ്ടെത്തുന്നതിൽ തടസ്സം നേരിട്ടത് മൂലം നിർമ്മാണ പ്രവർത്തനങ്ങൾ വൈകുകയായിരുന്നു.
ട്രയാങ്കിൾ ടവറിന്റെ നിർമ്മാണം 2022 ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 2026ൽ ഉദ്ഘാടനം ചെയ്യാനും പദ്ധതിയുണ്ട്. പൂർണമായും ഓഫീസ് ടവർ എന്ന നിലയിലാവും കെട്ടിടം പ്രവർത്തിക്കുക.