
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ മകൾ മോഡലിങ്ങിൽ അരങ്ങേറ്റം കുറിച്ചു രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം.
അദ്ദേഹത്തിന്റെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബത്തെയും. സച്ചിന്റെ ഭാര്യ അഞ്ജലി, മക്കളായ സാറ, അർജുൻ എന്നിവരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ആരാധകർ കാണുന്നത്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ സച്ചിൻ മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ അന്താരാഷ്ട്ര വസ്ത്രകമ്പനിയുടെ പരസ്യത്തിലൂടെ മോഡലിങ് രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സാറാ തെണ്ടുൽക്കർ.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ത്രീകളുടെ വസ്ത്രനിർമാണ സ്ഥാപനത്തിന്റെ സെൽഫ് പോട്രെയ്റ്റിന്റെ പരസ്യത്തിലാണ സാറാ അഭിനയിച്ചിരിക്കുന്നത്. പരസ്യത്തിൽ ബോളിവുഡ് നടി ബനിത സന്ധു, ഇൻസ്റ്റഗ്രാം ഇൻഫ്ളൂവൻസറും വ്യവസായി ജെയ്ദേവ ഷറോഫിന്റെ മകളുമായ ടാനിയ ഷറോഫും സാറയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
ഫോട്ടോഷൂട്ടിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ സാറ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.
പരസ്യത്തിന് സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിലുള്ള പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മോഡൽ രംഗത്തേക്കുള്ള സാറയുടെ അരങ്ങേറ്റത്തിന് പിന്തുണയും സ്നേഹവും അറിയിച്ച് ധാരാളം പേർ സാറയുടെ ഇൻസ്റ്റഗ്രാം പേജിൽ കമന്റു ചെയ്തിട്ടുണ്ട്.
സച്ചിൻ-അഞ്ജലി ദമ്പതികളുടെ മൂത്ത കുട്ടിയായ സാറ മുംബൈയിൽനിന്ന് സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം ലണ്ടനിൽ നിന്നും എം.ബി.ബി.എസ്. എടുത്തു. അമ്മയുടെ പാത പിന്തുടർന്ന് പീഡിയാട്രീഷൻ ആയാണ് സാറ പ്രാക്ടീസ് ചെയ്യുന്നത്.
സാറ തെണ്ടുൽക്കർ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. ഒന്നരലക്ഷത്തിലേറെ ഫോളോവേഴ്സാണ് സാറയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.