
തൃശൂർ: എലിപ്പനി കൂടിവരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുളളത്. എലിപ്പനി സ്ഥിരീകരിച്ച മരണങ്ങള് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ എലിപ്പനി സംശയിക്കുന്ന മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എലിപ്പനി മരണങ്ങള് പലപ്പോഴും സംഭവിക്കുന്നത് ഉടനടി ചികിത്സ തേടാത്തതിനാലാണ്. അതിനാല്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് ഭേദമാകാത്ത പനിയും ആവര്‍ത്തിച്ചുവരുന്ന പനിയും വരികയാണെങ്കില്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
മലിന ജലവുമായോ മറ്റു മാലിന്യം നിറഞ്ഞ സാഹചര്യങ്ങളുമായോ ഇടപഴകിയിട്ടുണ്ടെങ്കില്‍ അതും ഡോക്ടറോട് പറയേണ്ടതാണ്. എന്നാല്‍ മാത്രമെ ഡോക്ടര്‍ക്ക് എലിപ്പനി സംശയിക്കാന്‍ സാധിച്ച് പെട്ടന്ന് തന്നെ ചികിത്സ തുടങ്ങാന്‍ സാധിക്കുകയുളളു.
തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയാത്തതു മൂലം ചികിത്സ ആരംഭിക്കുവാന്‍ വൈകുകയും ലക്ഷണങ്ങള്‍ ഗുരുതരമാകുകയും പിന്നീട് മരണം സംഭവിക്കുകയും ആണ് ചെയ്യുന്നത്.
എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണ് എലിപ്പനി.
എലി മൂത്രം വഴി മണ്ണിലും വെളളത്തിലും എത്തുന്ന രോഗാണുക്കള്‍ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ വഴിയോ, കണ്ണിലേയും വായിലേയും ശ്ലേഷ്മ സ്തരങ്ങള്‍ വഴിയോ ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാക്കുന്നത്.
ക്ഷീണത്തോടെയുളള പനിയും തലവേദനയും പേശിവേദനയുമാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ കണ്ണില്‍ ചുവപ്പ്, മൂത്രകുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം.
പെട്ടന്നുളള മഴയില്‍ നഗര പ്രദേശങ്ങളില്‍ ഓടകള്‍ നിറഞ്ഞുകവിയുന്ന വെളളത്തിലൂടെ എലിപ്പനി പകരാന്‍ സാധ്യതയുണ്ട്. കെട്ടിനില്‍ക്കുന്ന വെളളത്തില്‍ കളിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും വെളളക്കെട്ടുകളിലും ഇറങ്ങി ജോലി ചെയ്യുന്നവരിലും മീന്‍ പിടുത്തത്തില്‍ ഏര്‍പ്പെടുന്നവരിലും തൊഴിലുറപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു.
കൈകാലുകളില്‍ (മറ്റു ശരീരഭാഗങ്ങളിലും) മുറിവുളളവര്‍, മുറിവുണങ്ങുന്നതുവരെ ഈ പണികള്ക്കിറങ്ങരുത്. ജോലിക്ക് പോകുന്നത് ഒഴിവാക്കാനാവില്ലെങ്കില്‍, ആന്റിസെപ്ടിക് ഓയിന്റ്മെന്റ് വച്ച് മുറിവ് ഡ്രസ്സ് ചെയ്ത ശേഷം ജോലിക്ക് പോകേണ്ടതും ജോലി കഴിഞ്ഞുവന്ന് വീണ്ടും അതുപോലെ ഡ്രസ്സ് ചെയ്യേണ്ടതുമാണ്.
ഇത്തരം ജോലി ചെയ്യുന്നവര്‍ കൈയുറകളും, റബ്ബര്‍ ബൂട്ടുകളും ഉപയോഗിച്ചുവേണം ജോലി ചെയ്യേണ്ടത്. കൂടാതെ, ആ കാലയളവില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം എലിപ്പനിക്കെതിരെയുളള രോഗ പ്രതിരോധമരുന്ന്(ഡോക്സിസൈക്ളിന്‍) കഴിക്കേണ്ടതാണ്.
ആഴ്ചയിലൊരിക്കല്‍ രണ്ട് ഡോക്സിസൈക്ളിന്‍ ഗുളികകള്‍(200 മി.ഗ്രാം) 6-8 ആഴ്ചവരെ കഴിക്കേണ്ടതാണ്. ആവശ്യമെങ്കില്‍ 2 ആഴ്ച്ചത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കഴിക്കേണ്ടതാണ്. ഈ മരുന്ന് പാര്‍ശ്വഫലങ്ങള്‍ വളരെ കുറവുള്ളതും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കുന്നതുമാണ്.
പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാവുന്ന രോഗമായ എലിപ്പനി മൂലം മരണങ്ങള് ഉണ്ടാകുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
പാരിസ്ഥിതിക ശുചിത്വം, ഭക്ഷ്യ ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ പാലിച്ചുകൊണ്ട് എലിപ്പനി തടയുന്നതിന് ഏവരും സഹകരിക്കേണ്ടതാണ്.