
പാവറട്ടി: പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വീട്ടുകണക്ഷൻ നൽകുന്ന പദ്ധതിയുടെ ഭാഗമായി റോഡ് പൊളിച്ച് പൈപ്പിടാൻ തുടങ്ങി.
നാട്ടിക ജല അതോറിറ്റി ഡിവിഷന്റെ കീഴിൽ കുണ്ടുവക്കടവ് പാലത്തിന് സമീപത്തുനിന്നാണ് പൈപ്പിടൽ തുടങ്ങിയത്. കവല സെൻററിൽ റോഡ് പൊളിച്ച് പൈപ്പിടുന്നതിനിടെ മരുതയൂർ കാളാനി തീരദേശമേഖലയിലേക്ക് പോകുന്ന മറ്റൊരു പൈപ്പ്ലൈനിന്റെ വാൾവ് പൊട്ടി വെള്ളം പാഴായിരുന്നു .
കവല സെൻററിൽ കരുവന്തല-ചക്കംകണ്ടം റോഡിന്റെ ഭാഗമായ മരുതയൂർ-വെൻമേനാട് റോഡും പൊളിക്കേണ്ടിവരും. 160 എം.എം. പി.വി.സി. പൈപ്പുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്.
ഇതിനൊപ്പംതന്നെ വീടുകളിലേക്ക് കണക്ഷൻ നൽകുന്നതിന് ചെറിയ പൈപ്പ്ലൈൻ കുഴികളും എടുക്കേണ്ടതുണ്ട്. ആദ്യം പൊതുമരാമത്ത് റോഡുകളാണ് പൊളിക്കുന്നത്. തുടർന്ന് പഞ്ചായത്ത് റോഡുകളും പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കും.
റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി തൃത്താലയിൽനിന്നുള്ള വെള്ളം പാവറട്ടി, മുല്ലശ്ശേരി പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി.
പാവറട്ടി പുളിഞ്ചേരിപ്പടിയിലും മുല്ലശ്ശേരി മാനിനക്കുന്നിലും ജലസംഭരണികൾ നിർമിച്ചു.രണ്ടു പഞ്ചായത്തുകളിലുമായി 13,000 വീട്ടുകണക്ഷനുകളാണ് നൽകുന്നത്.