
ഒരുമനയൂർ: മൂന്നാംകല്ല് സെന്ററിൽ കാടു വിട്ടിറങ്ങി വന്ന കുരങ്ങൻ നാട്ടുകാർക്ക് കൗതുകവും ഒപ്പം ഭീതിയും ഉണ്ടാക്കി.
ഇന്ന് ഉച്ചയോടെയാണ് മൂന്നാംകല്ല് സെന്ററിലെ കെട്ടിടത്തിന് മുകളിൽ കുരങ്ങനെ കണ്ടെത്തിയത്. കാഴ്ച്ചയിൽ ഒരു പാവത്താനെ പോലെ തോന്നുമെങ്കിലും ആളൊത്തിരി കുറുമ്പനായിരുന്നു.
ഈ കുറുമ്പനായ കുരങ്ങിന്റെ മാസ് എൻട്രി വളരെ രസകരമായിരുന്നു. മൂന്നാംകല്ല് സെന്ററിലെ ഫലത്തിനോട് ചേർന്നുള്ള പലചരക്ക് കടയിലേക്ക് ഓടി കയറി ഒരു കോഴിമുട്ടയുമെടുത്തു ഒരൊറ്റയോട്ടം കെട്ടിടത്തിന് മുകളിലേക്ക്.
ഇതു കണ്ടു പുറത്തേക്ക് ഓടി ചെന്ന കടയിലെ സ്റ്റാഫിനെ മുഖത്തോടു മുഖം നോക്കി കോഴി മുട്ട പൊട്ടിച്ചു കുടിക്കുകയായിരുന്നു ഈ നാട് കാണാനിറങ്ങിയ കുരങ്ങൻ.
കഴിഞ്ഞില്ല ഈ കുരങ്ങന്റെ വികൃതികൾ. വീണ്ടും കടയിലേക്ക് തിരിച്ചു വന്നു ഒരു നേന്ത്ര പഴവും കൈക്കലാക്കി ആ കടയുടെ തന്നെ നേരെ മുകളിൽ കയറിയിരുന്നു ആ പഴവും അകത്താക്കി.
ഇതു കണ്ടു പാവം തോന്നിയ കടയുടമ വിശപ്പകറ്റാൻ ഒരു പഴം കൂടി എറിഞ്ഞു കൊടുത്തു. അതവൻ കണ്ട ഭാവം നടിക്കാതെ മാറി നിൽക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്ത മരത്തിലേക്ക് ചാടി അവൻ യാത്രയായി.
പക്ഷെ, ആ പോക്കിന് അല്പസമയത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ..ആ വിരുതൻ വീണ്ടും കടയിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചു. ഇതു കണ്ട കടയുടമ അവനെ വിരട്ടിയോടിക്കുകയായിരുന്നു.
വനമേഖലയിലൂടെ വരുന്ന ചരക്ക് ലോറിക്ക് മുകളിൽ കയറികൂടി ഇവിടെയെത്തിയതാവാം ഈ കുരങ്ങൻ എന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.
നിലവിൽ മൂന്നാംകല്ല് സെന്ററിൽ റോഡിൻറെ ഇരുവശവും വൻ ചീനി മരങ്ങൾ തണലായി നിൽക്കുന്നത് കണ്ട് അതിലെക്ക് ചാടി കയറിയതാവാം കുരങ്ങെന്നാണ് കരുതുന്നത്.
കുരങ്ങിനെ കണ്ട വിവരം വനപാലകരെ അറിയിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ കുരങ്ങ് മരചില്ലകളിലൂടെ ചാടി പാലത്തിന് അപ്പുറത്തേക്ക് പോകുകയായിരുന്നു.
എന്താണെങ്കിലും ഈ വികൃതിയനായ കുരങ്ങൻ കുറച്ചു നേരം യാത്രക്കാർക്കും നാട്ടുകാർക്കും കൗതുകമേകിയാണ് യാത്രയായത്.