
കുന്നംകുളം: നഗരസഭാ പരിധിയിലെ വീടുകളിൽ നിന്ന് പ്ലാസ്റ്റിക്, പേപ്പർ എന്നിവയ്ക്ക് പുറമെ മറ്റ് അജൈവ വസ്തുക്കളും ഹരിത കർമ്മ സേന ഡിസംബർ മുതൽ ശേഖരിച്ച് തുടങ്ങുന്നു.
ഇതിന്റെ ഭാഗമായി ഇ-വേസ്റ്റ് ശേഖരണം ഉദ്ഘാടനം വാർഡ് 1 ൽ നഗരസഭാ ചെയർപേഴ്സൻ നിർവഹിക്കും.
ഓരോ മാസവും ഓരോ തരം അജൈവ വസ്തുക്കൾ എന്ന രീതിയിലാണ് ഹരിത കർമ്മ സേന ശേഖരിക്കുന്നത്. ഫോണുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടർ ഉപകരണങ്ങൾ തുടങ്ങിയ ഇലക്ട്രോണിക് മാലിന്യങ്ങളാണ്
ഈ മാസം ശേഖരിക്കുന്നത്.
ഉപയോഗ ശൂന്യമായ ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എയർ കണ്ടീഷണർ എന്നിവയാണ് ഇ- വേസ്റ്റായി ഹരിത കർമ്മ സേന ശേഖരിക്കുന്നത്.
അപകടകരമായ മാലിന്യങ്ങളായ ബാറ്ററികൾ, ബൾബുകൾ, ട്യൂബ് ലൈറ്റുകൾ എന്നിവയും ഇതോടൊപ്പം ശേഖരിക്കും. എല്ലാ മാസവും ശേഖരിക്കുന്ന പ്ലാസ്റ്റിക്, പേപ്പർ എന്നിവയ്ക്ക് പുറമെയാണ് അധിക യൂസർ ഫീ ഈടാക്കാതെ ഇലക്ട്രോണിക് മാലിന്യങ്ങളും ശേഖരിക്കുന്നത്.
ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങൾ Progressive E waste recycling and trading company എന്ന സ്റ്റാർട്ട്അപ് വഴിയാണ് റീസൈക്ലിംഗിനായി കയറ്റി അയക്കുന്നത്.