
ഗുരുവായൂർ: അമ്പല ദർശനത്തിന് വരി നില്‍ക്കാതെ ദര്‍ശനം തരപ്പെടുത്തിക്കൊടുത്ത് പണം ഈടാക്കുന്ന ‘ദര്‍ശന മാഫിയയെ’ കുറിച്ചു വ്യാപകമായി പരാതികള്‍ ഉയർന്നു വരുന്നു.
ഇത് ശ്രദ്ധയിൽ പെട്ട ഗുരുവായൂർ ദേവസ്വം ഈ ‘ദർശന മാഫിയ’ക്കെതിരെ രംഗത്തെത്തി. പ്രത്യേക ദര്‍ശനത്തിനായി നെയ് വിളക്ക് ശീട്ടാക്കി വരുന്നവര്‍ക്കുള്ള വഴിയിലൂടെ മറ്റാരെയും പ്രവേശിപ്പിക്കില്ല.
വി.ഐ.പി ദര്‍ശനത്തിന് വേണ്ട സൗകര്യം ഏര്‍പ്പെടുത്താന്‍ ദേവസ്വം പബ്ലിക് റിലേഷന്‍സ് ഓഫിസറെ ചുമതലപ്പെടുത്തി. പ്രസാദ ഊട്ടിനും നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട് .
ഭക്തരുടെ വരി വഴി മാത്രമേ അന്നലക്ഷ്മി ഹാളിലേക്ക് പ്രവേശിക്കാൻ കഴിയൂ. ജീവനക്കാരുള്‍പ്പെടെ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കില്ല. വെള്ളി, ചന്ദനം എന്നിവ കൊണ്ടുള്ള തുലാഭാരത്തിന് നിരക്ക് കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
ചന്ദനം കിലോഗ്രാമിന് 10,000, വെള്ളിക്ക് കിലോഗ്രാമിന് 20,000 എന്നതായിരിക്കും പുതിയ നിരക്ക്. വെള്ളി, ചന്ദനം എന്നിവ കൊണ്ട് തുലാഭാരം വഴിപാട് നടത്തുന്നവര്‍ തൂക്കമനുസരിച്ച് ഈ നിരക്കിലുള്ള പണം ക്ഷേത്രത്തിലടച്ചാല് മതി.
ക്ഷേത്രം ഓതിക്കന്മാര്, കീഴ്ശാന്തിമാര്‍, കഴകക്കാര്‍ തുടങ്ങിയ പാരമ്ബര്യ പ്രവൃത്തിക്കാരുടെ യോഗം ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തില്‍ 17ന് രാവിലെ 10ന് ചേരും.
ഭരണസമിതി യോഗത്തില്‍ ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്ബൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശന് നമ്ബൂതിരിപ്പാട്, എ.വി. പ്രശാന്ത്, കെ. അജിത്, കെ.വി. ഷാജി, ഇ.പി.ആര്. വേശാല, അഡ്വ. കെ.വി. മോഹനകൃഷ്ണന്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് എന്നിവര്‍ സംസാരിച്ചു.