
പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ ശേഷം ഒന്നര ലക്ഷം രൂപ മുടക്കി തുടങ്ങിയ സംരംഭത്തിന് വൻ വിജയം.
സനൂപ് എന്ന ചെറുപ്പക്കാരൻ തുടങ്ങിയ സംരംഭമാണ് വിജയക്കുതിപ്പിലേക്ക് മുന്നേറുന്നത്. ഒമാനിൽ വെൽഡറായിരുന്ന സനൂപ് ഏതാനും വർഷം അവിടെ ജോലി ചെയ്തെങ്കിലും കാര്യമായി ഒന്നും സമ്പാദിക്കുവാൻ കഴിഞ്ഞിരുന്നില്ല.
നാട്ടിൽ തിരിച്ചെത്തി ഇനിയെന്ത് എന്ന ചിന്തയോടെ ഇരിക്കുമ്പോഴാണ് ജീവിക്കാൻ ഒരു വരുമാനവും കൂടിയേ കഴിയൂ എന്ന കാഴ്ചപ്പാടിലേക്ക് എത്തിയത്. തുടർന്ന് അങ്കമാലിയിൽ നെടുവേലീസ് എന്ന പേരിൽ സംരംഭത്തിന് തുടക്കം കുറിച്ചു.
തികച്ചും വ്യത്യസ്തമായ രീതിയിൽ വളരെ ചെറിയ തുക മുതൽമുടക്കി വെളിച്ചെണ്ണയും കൊപ്രയും നിർമിച്ചു വിൽക്കുകയാണ് ഇപ്പോൾ ഈ യുവസംരംഭകൻ.
ലൈവ് കോക്കനട്ട് ഓയിൽ വളരെ കുറഞ്ഞ നിക്ഷേപത്തിൽ ലഭ്യമാക്കുന്നുവെന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. കേരളത്തിൽ വലിയ വിപണിയുള്ള ഒരു ഉൽപന്നമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഇല്ലാതെയുള്ള കറിയെക്കുറിച്ച്, കുളിയെക്കുറിച്ച്, പലഹാരങ്ങളെക്കുറിച്ച് കേരളീയർക്കു ചിന്തിക്കാനേ കഴിയില്ല.
എന്നാൽ, മായം ചേരാത്ത വെളിച്ചെണ്ണ ലഭിക്കുന്നില്ല എന്നതാണ് കുടുംബിനികളുടെ പ്രധാന വിഷമം. ഇതിനൊക്കെ ഒരു പരിഹാരമെന്നോണം ഇത്രയും ഡിമാൻഡുള്ള വെളിച്ചെണ്ണ അൽപവും മായം ചേർക്കാതെ, അൽപം വില കൂടിയാലും ആളുകൾ വാങ്ങുമെന്നുള്ള തിരിച്ചറിവാണ് ഈ ബിസിനസിലേക്ക് സനൂപ് എത്തിച്ചേർന്നത്.
തീരെ കുറഞ്ഞ മുതൽമുടക്കിൽ വ്യാപകമായി ഡിമാൻഡുള്ള ഒരു ബിസിനസ് ചെയ്യാൻ അവസരമൊരുക്കി. കൂടാതെ സ്വന്തം നിലയിൽ ഒരു തൊഴിലും വരുമാനവും മികച്ച ലാഭവും നേടാനാകുമെന്ന പ്രതീക്ഷയും. ഇത്തരം പ്രതീക്ഷകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ബിസിനസ് ആശയം സ്വീകരിച്ചതെന്ന് അദ്ദേഹം പറയുന്നു.
കർഷകരിൽനിന്നു തേങ്ങ നേരിട്ടു സംഭരിക്കുന്നു. തൂക്കിയാണു വാങ്ങുക. 30–35 രൂപവരെ കിലോഗ്രാമിനു വില നൽകും. ഒരു തേങ്ങയിൽനിന്നു ശരാശരി 300 ഗ്രാം കൊപ്ര കിട്ടും. ഒരു കിലോഗ്രാം കൊപ്രയിൽനിന്ന് 600 മില്ലി വെളിച്ചെണ്ണ കിട്ടും എന്നാണ് കണക്ക്.
കൊപ്രയുമായി വരുന്നവർക്ക് എണ്ണ ആട്ടിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. എല്ലാം ഉപഭോക്താവിന്റെ കൺമുന്നിൽ വച്ചുതന്നെയാണ് ചെയ്യുന്നത്. തമിഴ്നാട്ടിൽനിന്നു നേരിട്ടു വാങ്ങുന്ന എള്ളും ഇത്തരത്തിൽ ആട്ടി എണ്ണ എടുക്കുന്നുണ്ട്.
നേരിട്ട് കടകൾ വഴിയാണു പ്രധാന വിൽപന. തേങ്ങയും വെളിച്ചെണ്ണയും ഇങ്ങനെ വിൽക്കുന്നു. വീടുകളിൽ ഓർഡർ അനുസരിച്ച് എത്തിച്ചു കൊടുക്കുകയും ചെയ്യും.
ഇതിന് അധികം വില ഈടാക്കാറില്ല. ലീറ്ററിന് 230 രൂപ വിലയാണ് നിലവിലെ വില. ശരാശരി 30 കിലോഗ്രാം കടകളിലൂടെയും 20 കിലോഗ്രാം ഓൺലൈൻ വഴിയും പ്രതിദിന കച്ചവടമുണ്ട്. അങ്ങനെ നോക്കിയാൽ 50 ലീറ്റർ ആണ് പ്രതിദിന ഉൽപാദനം. ഇതിൽ 25% തുക ചെലവെല്ലാം കഴിഞ്ഞ് അറ്റാദായമായി കിട്ടും.
സ്ഥാപനത്തിൽ ലൈവ് കോക്കനട്ട് ഓയിൽ മെഷീൻ, കൊപ്ര കട്ടർ എന്നിവയാണ് വാങ്ങി സ്ഥാപിച്ചിരിക്കുന്നത്. 2.5 കുതിരശക്തിയിൽ പ്രവർത്തിക്കുന്ന ഈ മെഷിനറികളുടെ മൊത്തം വില ഒന്നരലക്ഷം രൂപയാണ്. മണിക്കൂറിൽ 10 ലീറ്റർ ആണ് ഉൽപാദനശേഷി. ഒരു മേശയ്ക്കു മുകളിൽ സ്ഥാപിച്ച് ഉൽപാദനം നടത്താനാകുമെന്നത് ഗുണകരമാണ്. സ്
റ്റെയിൻലെസ് സ്റ്റീൽ മെഷിനറിയാണ് ഉപയോഗിക്കുന്നത്. സ്ഥാപനത്തിൽ സനൂപ് തന്നെയാണ് ഇരിക്കുന്നത്. എന്നാൽ, വീടുകളിൽ ഓർഡർ പ്രകാരം സപ്ലൈ ചെയ്യുന്നതിന് ഒരു സഹായി കൂടി സ്ഥിരം ശമ്പളത്തിൽ ഉണ്ട്. കൂടാതെ ഭാര്യ അനഘ, സനൂപിനെ സമയം പോലെ സഹായിക്കുന്നു. ഇപ്പോൾ ഈ കുടുംബത്തിന്റെ നിലനിൽപ് തന്നെ ‘നെടുവേലീസ്’ എന്ന ലഘുസംരംഭത്തെ ആശ്രയിച്ചാണെന്നു പറയാം.
ഓൺലൈൻ ബിസിനസ് പരമാവധി നേടാനാണ് സനൂപ് ഉദ്ദേശിക്കുന്നത്. ഇതു മുൻനിർത്തി ഒരു മെഷീൻകൂടി വാങ്ങി സ്ഥാപിക്കണമെന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇതുകൂടാതെ എള്ളെണ്ണ, കുടംപുളി, വാളൻപുളി, നാളിേകരം, വെള്ള ചൊറുക്ക, നാടൻ കുത്തരി തുടങ്ങിയവയുടെയും ബിസിനസും സനൂപിന് ഉണ്ട്.