
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് മുംബൈ സിറ്റി എഫ് സിയുടെ വെല്ലുവിളി.തുടര്‍ച്ചയായ നാല് ജയത്തോടെ ഉജ്ജ്വല ഫോമിലാണ് മുംബൈ എന്നത് ബ്ലാസ്റ്റേഴ്സിന് കാര്യങ്ങള്‍ കടുപ്പമാക്കും. നിലവില്‍ പോയിന്റ് പട്ടികയുടെ തലപ്പത്താണ് മുംബൈ. ഒരു ജയം മാത്രം കൈവശമുള്ള മഞ്ഞപ്പടയാകട്ടെ പട്ടികയില്‍ എട്ടാമതാണ്.
എടികെ മോഹന്‍ ബഗാനോട് ആദ്യ മത്സരത്തില്‍ കീഴടങ്ങിയ ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയിട്ടില്ല. മൂന്ന് കളികള്‍ സമനിലയാവുകയും ഒഡീഷയെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വില്ലനായി പരിക്ക് ടീമിന്റെ സന്തുലിത നഷ്ടമാക്കുകയാണ്. രാഹുല്‍ കെപി, ആല്‍ബിനൊ ഗോമസ്, എനെസ് സിപോവിച്ച് എന്നിവരെ ഇതിനോടകം തന്നെ ടീമിന് നഷ്ടമായി.
പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്ര പരിക്ക് മാറി തിരികെയെത്തിയെന്നത് ആശ്വാസം പകരുന്ന ഒന്നാണ്. ഒരോ പോയിന്റിന് വേണ്ടിയും പോരാടണമെന്നാണ് പരിശീലകന് ഇവാന് വുകുമനോവിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ടൂര്‍ണമെന്റിലെ തന്നെ മികച്ച ടീമുകളില്‍ ഒന്നായ മുംബൈയെ നേരിടുന്നത് എല്ലാ മത്സരങ്ങളും പോലെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ ബ്ലാസ്റ്റേഴ്സിന് മുകളില്‍ മുംബൈക്ക് വ്യക്തമായ ആധിപത്യമുണ്ട്. 14 മത്സരങ്ങളില്‍ ആറ് തവണയും ജയം മുംബൈക്കൊപ്പമായിരുന്നു. കേരളം രണ്ട് കളികള്‍ വിജയിച്ചു. ആറ് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. നിലവിലെ ഫോം പരിഗണിക്കുകയാണെങ്കില്‍ മുംബൈക്കാണ് മുന്‍തൂക്കം.