
കർണാടക: ക്രിസ്ത്യൻ പുരോഹിതനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം. ബെൽഗാമിലെ സെന്റ് ജോസഫ് പള്ളി വികാരി ഫാദർ ഫ്രാൻസിസിനു നേരെയാണ് ആക്രമണ ശ്രമമുണ്ടായത്.
ബെൽഗാമിൽ ഒരു വിഭാഗത്തിനെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഒടുവിലത്തേതാണു സെന്റ്ജോസഫ് പള്ളിയിലെ പുരോഹിതനു നേരെ ഉണ്ടായത്. ഇന്നലെ വൈകിട്ടു പള്ളിയോടു ചേർന്ന താമസ സ്ഥലത്തു വെച്ചാണ് സംഭവം.
വളർത്തുനായ അസാധാരണ രീതിയിൽ കുരയ്ക്കുന്നതു കേട്ട പുറത്തിറങ്ങി നോക്കിയതായിരുന്നു ഫാദര്‍ ഫ്രാന്‍സിസ്. ഗേറ്റ് തുറന്നുകിടക്കുന്നതു കണ്ടു റോഡിലേക്ക് എത്തിനോക്കിയപ്പോൾ ഒളിഞ്ഞിരുന്ന അക്രമി വടിവാളുപയോഗിച്ചു വെട്ടാൻ ശ്രമിക്കുകയായിരുന്നു.
രക്ഷപ്പെട്ടു വീട്ടിലേക്ക് ഓടിക്കയറിയ ഫാദർ ഫ്രാൻസിസ് ഉടൻ പൊലീസിലും സമീപത്തെ പള്ളിയിലും വിവരമറിയിക്കുകയും ആളുകൾ ഓടിയെത്തിയപ്പോഴേക്കും അക്രമി ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു.
കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ആരംഭിക്കാനിരിക്കെയുണ്ടായ സംഭവം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സമ്മേളനത്തിൽ വിവാദ മതപരിവർത്തന നിരോധന ബിൽ പാസാക്കുമെനന്നായിരുന്നു ബി.ജെ.പി ഭരിക്കുന്ന കർണാടക സർക്കാരിന്റെ അറിയിപ്പ്.
അതേ സമയം അക്രമിയെ തിരിച്ചറിഞ്ഞതായി ബെൽഗാം പൊലീസ് കമ്മിഷണർ കെ. ത്യാഗരാജൻ അറിയിച്ചു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അക്രമിയെന്നും സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.