
കടപ്പുറം: സുനാമിക്കോളനിയിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ താമസ യോഗ്യമാക്കുമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ.
കടപ്പുറം ഗ്രാമപഞ്ചായത്തിലെ
സുനാമിക്കോളനിയിൽ ഒഴിഞ്ഞുകിടക്കുന്ന 19 വീടുകളിൽ മുൻഗണനാ ലിസ്റ്റിൽ നിന്ന് താമസക്കാരെ കണ്ടെത്തി പാർപ്പിക്കുമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ.
അതിനായി അറ്റക്കുറ്റ പ്രവൃത്തികൾ ഉൾപ്പെടെ ഉടൻ ചെയ്യണമെന്ന് കലക്ടർ പഞ്ചായത്തിനോട് നിർദ്ദേശിച്ചു.സുനാമിക്കോളനിയിലെ വീടുകളിൽ താമസിക്കുന്നവർ സ്ഥലം ഒഴിഞ്ഞു പോയി തങ്ങൾക്ക് ലഭിച്ച വീടുകൾ മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുന്നുവെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ സ്ഥലം
എം എൽ എ എൻ കെ അക്ബർ വിഷയം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് എം എൽ എ യുടെ സാന്നിധ്യത്തിൽ കലക്ടർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.19 വീടുകളിലേക്ക് പുതിയ താമസക്കാരെ വെയിറ്റിങ് ലിസ്റ്റിൽ നിന്ന് എടുത്ത് താമസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അടുത്ത ആഴ്ചകളിൽ തന്നെ ആരംഭിക്കണമെന്നും നിലവിൽ ആൾത്താമസമുള്ള 43 വീടുകളുടെ ഉടമസ്ഥർ, അവർക്ക് മറ്റ് വീടുകൾ ഉണ്ടോ എന്ന് പരിശോധിക്കാനും അനർഹരുണ്ടെങ്കിൽ കണ്ടെത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
കോളനിയിൽ നിന്ന് താമസം മാറിപ്പോയവരുടെ സ്ഥിതി വിവരങ്ങൾ അന്വേഷിക്കാനും പ്രദേശത്ത് മണ്ണ് പരിശോധന നടത്തി കൂടുതൽ പേരെ പാർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാനുമുള്ള സജ്ജീകരണ പ്രവർത്തനങ്ങളും നടത്തും.
20 ദിവസത്തിനകം ഇവയ്ക്ക് നടപടികൾ എടുക്കണമെന്നും ഉദ്യോഗസ്ഥരോട് കലക്ടർ നിർദ്ദേശിച്ചു.