
എരുമപ്പെട്ടി: മങ്ങാട്ട് മിനി ഗ്രൗണ്ടിന് സമീപമുള്ള പഞ്ചായത്തിന്റെ വയോജന പാർക്ക് കാടുപിടിച്ച് നശിക്കുന്നു.
2020 ജൂൺ 28-ന് യു.ഡി.എഫ്. ഭരണസമിതിയുടെ അവസാന സമയത്താണ് പാർക്ക് തുറന്നത്.കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പാർക്കിൽ വയോജനങ്ങൾ എത്താറില്ലായിരുന്നു.
മേൽക്കൂരയോടു കൂടിയ ഇരിപ്പിടങ്ങൾ, പൂന്തോട്ടം, ടൈൽ വിരിച്ച നടപ്പാതകൾ, ചുറ്റുമതിൽ, ഗേറ്റ്, ശൗലാചയം എന്നിവയൊക്കെ വയോജന പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
വ്യായാമത്തിനുള്ള സംവിധാനങ്ങൾ, ഓഫീസ്, കുട്ടികൾക്കുള്ള ഉല്ലാസ സാമഗ്രികൾ എന്നിവകൂടി ഒരുക്കി പാർക്ക് വിപുലീകരിക്കാനായിരുന്നു ലക്ഷ്യം. 10.5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.
മുഴുവൻ വർഡുകളിലെയും അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള വയോജന ക്ലബ്ബിന് പാർക്കിന്റെ നടത്തിപ്പിന്റെ ചുമതല നൽകുമെന്നാണ് അറിയിച്ചിരുന്നത്.
ഗേറ്റ് മുഴുവൻ സമയവും തുറന്നു കിടക്കുന്നതിനാൽ സമൂഹവിരുദ്ധരുടെ കേന്ദ്രമായി പാർക്ക് മാറിയതായും ആക്ഷേപമുണ്ട്.
പാർക്ക് പൂർണ്ണമായും പ്രവർത്തനയോഗ്യമാക്കി പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു തുടങ്ങണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.