
ഏങ്ങണ്ടിയൂർ: ചേറ്റുവ പുഴയിൽ കുളവാഴ ചണ്ടികളും ചൊറികലും അടിഞ്ഞു കൂടുന്നത് മൂലം മൽസ്യ ബന്ധനത്തിന് വഞ്ചികൾ ഇറക്കാൻ പ്രയാസമേറുന്നു.
വല വീശുന്നതിനും ബുദ്ധിമുട്ട്രയതോടെ പ്രദേശത്തെ മൽസ്യ തൊഴിലാളികൾക്ക് ജോലിയില്ലാതായിട്ട് ആഴ്ചകൾ ഏറെയായി.
കനോലി കനലിലൂടെയും കോൾ പാട പ്രദേശങ്ങളിൽ നിന്നുമൊക്കെയുള്ള കുളവാഴകൾ കൂട്ടമായി ഒഴുകിയെത്തി ചേറ്റുവ പാലത്തിനടിയിലും പുഴയുടെ വശങ്ങളിലും ഒക്കെയായി അടിഞ്ഞു കൂടി കിടക്കുകയാണ്.
ഇതിനാൽ തന്നെ മൽസ്യ ബന്ധനത്തിനായി പുഴയിൽ വഞ്ചിയിറക്കാൻ കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല വല വീശുമ്പോൾ വലക്കുള്ളിൽ കുളവാഴകൾക്കിടയിൽ പെട്ടു കിടക്കുന്ന കൊമ്പുകൾ കൊണ്ട് വല കീറുന്നതും പതിവായതിനാൽ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന തൊഴിലാളികൾ പട്ടിണിയിലാണ്.
പല പ്രദേശങ്ങളിലും ഉണ്ടാകുന്ന കുളവാഴകൾ അവിടെയുള്ളവർ തള്ളി വിടുന്നതാണ് അവസാനം ചേറ്റുവ പുഴയിലേക്ക് ഒഴുകിയെത്തുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
ഓരോ പ്രദേശങ്ങളിലും ഉണ്ടാകുന്ന കുളവാഴകൾ ആ പ്രദേശവുമായി ബന്ധപ്പെട്ട അധികൃതർ കരക്കെത്തിച്ചു നശിപ്പിക്കുകയാണെങ്കിൽ ഈ പ്രതിസന്ധിയിലേക്ക് തൊഴിലാളികൾ എത്തില്ലായിരുന്നുവെന്ന് ഇവർ പറയുന്നു.
ചേറ്റുവ പുഴയിൽ അടിഞ്ഞു കൂടിയിരിക്കുന്ന കുളവാഴകൾ എത്രയും വേഗം നീക്കം ചെയ്തു മൽസ്യ തൊഴിലാളികളുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.