നഗരത്തിരക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി മിക്കവരും പോകാൻ ആഗ്രഹിക്കുന്നത് ശാന്തവും പ്രകൃതി സൗന്ദര്യവും നിറഞ്ഞ പ്രദേശങ്ങളിലേക്കായിരിക്കും. പ്രകൃതിയുടെ വശ്യത ആവോളം ആസ്വദിക്കാൻ കഴിയുന്ന നിരവധി ഇടങ്ങൾ ദൈവത്തിെൻറ സ്വന്തം നാടായ മലയാളക്കരയിലുണ്ട്. അത്തരമൊരു സ്വർഗഭൂമിയാണ് കണ്ണൂർ ജില്ലയിലെ പാലക്കയം തട്ട്.
സമുദ്രനിരപ്പിൽനിന്ന് 3500ലധികം അടി ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന കുന്നോളം കുളിരേകുന്ന നാട്. പണ്ട് മലമുകളിൽ പാലമരം ഉണ്ടായിരുന്നു. അതിനാൽ പാലക്കായ് മരം തട്ട് എന്നാണ് വിളിച്ചിരുന്നത്. ഇതാണ് പിന്നീട് ലോപിച്ച് പാലക്കയം തട്ടായതത്രെ. കണ്ണൂരിന്റെ ഊട്ടിയെന്നാണ് ഈ നാടിന്റെ അപരനാമം.
കണ്ണൂരിൽനിന്ന് 50 കിലോമീറ്റർ അകലെ നടുവിൽ പഞ്ചായത്തിൽ പശ്ചിമഘട്ട മലയോരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പാലക്കയം തട്ട്. തളിപ്പറമ്പ്-നടുവിൽ-കുടിയാൻമല ബസിൽ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാൽ അവിടെനിന്ന് മലയിലേക്ക് ജീപ്പ് ലഭിക്കും. ഒരുവിധം എല്ലാ ഇടത്തരം-ചെറുവാഹനങ്ങളും പാലക്കയം വരെ എത്തും.
തളിപ്പറമ്പ്-കരുവഞ്ചാൽ-വെള്ളാട് വഴി വന്നാൽ തുരുമ്പിയിൽനിന്നും പാലക്കയം തട്ടിലേക്ക് ടാക്സി ജീപ്പ് സർവിസുണ്ട്. മലയോര ഹൈവേ വഴിയും ഇവിടേക്ക് എത്തിച്ചേരാം.
നാല്-അഞ്ച് വർഷം മുമ്പുവരെ കണ്ണൂർ ജില്ലയിലുള്ളവർക്കിടയിൽപോലും അധികമറിയപ്പെടാതിരുന്ന സ്ഥലമായിരുന്നു പാലക്കയം തട്ട്. എന്നാൽ, മലയിലെ വിനോദസഞ്ചാര സാധ്യതകൾ കണ്ട് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതോടെ സ്ഥിതിമാറി. മലമുകളിലെ കുളിര് തേടി ദൂരസ്ഥലങ്ങളിൽ നിന്നുപോലും സഞ്ചാരികൾ വൻതോതിൽ എത്തിത്തുടങ്ങി.