
ദുബായ്: ട്വന്റി 20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഒഴിയുന്നതോടെ അടുത്തത് ആരാകുമെന്ന ചര്‍ച്ചയാണ് ക്രിക്കറ്റ് ലോകത്ത് സജീവമായിരിക്കുന്നത്. എം.എസ്.ധോണി പടിയിറങ്ങിയതിന് ശേഷമാണ് 32 കാരനായ കോഹ്ലി നായകനായി ചുമതലയേറ്റത്. മൂന്ന് ഫോര്‍മാറ്റിലും കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ മികവ് പുലര്‍ത്തി.
വിരാട് കോഹ്ലിയുടെ ഒഴിവ് നികത്താന്‍ ഏറ്റവും അനുയോജ്യന്‍ രോഹിത് ശര്‍മയാണെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ നയിക്കുന്ന കെ.എല്‍.രാഹുല്‍, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ റിഷഭ് പന്ത് എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. ഒരു ദീര്‍ഘകാല നായകനെയാണ് ബിസിസിഐ ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.
മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ് ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. നായക സ്ഥാനത്തേക്ക് രോഹിത് ശര്‍മയാണ് ഏറ്റവും ഉത്തമനായ വ്യക്തിയെന്ന് സേവാഗ് പറഞ്ഞു. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച രോഹിതിന്റെ മികവ് ചൂണ്ടിക്കാണിച്ചാണ് സേവാഗ് വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് വാച്ച് ഷോയായ വിരുഗിരി ഡോട്ട് കോമില് സംസാരിക്കുകയായിരുന്നു സേവാഗ്.
“നായകനാകാന്‍ യോഗ്യതയുള്ള നിരവധി പേര് ടീമിലുണ്ട്. എങ്കിലും രോഹിതാണ് ഏറ്റവും അനുയോജ്യനെന്ന് എനിക്ക് തോന്നുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി നായകനെന്ന നിലയില്‍ അദ്ദേഹം മികവ് കാട്ടി. അഞ്ച് തവണയാണ് രോഹിതിന്റെ കീഴില്‍ മുംബൈ കിരീടം ഉയര്‍ത്തിയത്. അതിനാല്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത ട്വന്റി 20 ക്യാപ്റ്റന്‍ രോഹിതായിരിക്കണം,” സേവാഗ് വ്യക്തമാക്കി.