
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ദുൽഖറിനെ ഫോണിൽ വിളിച്ചുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഓഡിയോ പ്രചരിക്കുന്നു. ദുൽഖർ നായകനായ കുറുപ്പ് സിനിമ കണ്ടതിന് പിന്നാലെ ദുൽഖറിനെ സുകുമാരക്കുറുപ്പ് ഫോണിൽ വിളിക്കുന്നതായുള്ള ഓഡിയോയാണ് പ്രചരിക്കുന്നത്.
എന്നാൽ, സോഷ്യൽ മീഡിയയിൽ വ്യാജ തലക്കെട്ടോടെ പ്രചരിക്കുന്ന ശബ്ദത്തിന്റെ ഉടമകൾ ദുൽഖറും സുകുമാരക്കുറുപ്പും അല്ല എന്നതാണ് യാഥാർഥ്യം. അഭിൻ കൃഷ്ണ, നന്ദഗോപൻ എന്നിവർ ചേർന്ന് ഡബ് ചെയ്ത ഓഡിയോയാണ് ഇപ്പോൾ വ്യാജ തലക്കെട്ടോടെ പ്രചരിക്കുന്നത്.
കുറുപ്പ് സിനിമയ്ക്ക് മുന്നേ തന്നെ പുറത്ത് വന്നിരുന്ന ഈ ശബ്ദ സന്ദേശം റിലീസിന് ശേഷം വീണ്ടും ശ്രദ്ധേയമാകുകയായിരുന്നു. മല്ലു ക്രോണിക്കിൾ ടീം ഈ വാർത്ത കൃത്യമായി റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഡബ് ചെയ്തിരിക്കുന്ന ശബ്ദം കേട്ടാൽ ഒരിക്കലും അത് യഥാർത്ഥ സുകുമാരക്കുറുപ്പും, ദുൽഖറും തമ്മിലുള്ള സംഭാഷണം ആണെന്ന് തോന്നില്ലെങ്കിലും വ്യാജ തലക്കെട്ടോടെ ചിലർ ഇപ്പോഴും അത് പ്രചരിപ്പിക്കുന്നുണ്ട്.
അതേ സമയം, നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്റർ തുറന്നപ്പോൾ എത്തിയ ‘കുറുപ്പ്’ 50 കോടി കളക്ഷനും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്. ജിതിന് കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.
മൂത്തോന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാല, സണ്ണിവെയ്ന്, ഇന്ദ്രജിത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, പി ബാലചന്ദ്രന്, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുന്നത്.
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കു മുതല്‍ 35 കോടിയാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന് ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.