തിരൂർ: വൃക്കരോഗമുള്ള നിർധനർക്ക് സൗജന്യ ഡയാലിസിസിന് പണംകണ്ടെത്താൻ അഭയം ഡയാലിസിസ് സൊസൈറ്റി നടത്തിയ നാൽപ്പതിനായിരം ലിറ്റർ മെഗാപായസം ചലഞ്ച് വൻ വിജയമായി. രണ്ടു നഗരസഭകളിലും 14 ഗ്രാമപ്പഞ്ചായത്തുകളിലുമായി നാലുലക്ഷം പേർക്ക് കഴിക്കാനാവശ്യമായ 40,000 ലിറ്റർ പാലടപ്പായസം തയ്യാറാക്കി വളണ്ടിയർമാർ വിതരണം ചെയ്തു. ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് തുടങ്ങിയ പായസവിതരണം വൈകീട്ട് നാലു മണിക്കാണ് സമാപിച്ചത്.
തിരൂർ നഗരത്തിൽ പായസവിൽപ്പനയ്ക്കായി പത്ത് പ്രത്യേക കൗണ്ടറുകളും സ്ഥാപിച്ചിരുന്നു. സ്നേഹതീരം വൊളന്റിയർ വിങ്ങിന്റെ നേതൃത്വത്തിൽ കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷന്റെയും ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെയും വിവിധ ക്ലബ്ബുകളുടെസഹകരണത്തോടെയാണ് ചലഞ്ച് സംഘടിപ്പിച്ചത്.
പായസത്തിൽ നിന്നുള്ള വരുമാനം ഡയാലിസിസ് സെന്ററിന്റെ പ്രവർത്തന ഫണ്ടിലേക്കായി സമാഹരിക്കാൻ കഴിഞ്ഞതിലൂടെ കാരുണ്യത്തിന്റെ കൂട്ടായ്മയുടെ വിജയമാണ് കണ്ടതെന്നും സഹകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും സംഘാടകരായ ‘അഭയം’ ചെയർമാൻ പുത്തുതോട്ടിൽകോയ, അഭയം പായസ ചലഞ്ച് ചെയർമാൻ നാസർ കുറ്റൂർ, കോ-ഓർഡിനേറ്റർ കുഞ്ഞിപ്പ മുണ്ടേക്കാട്ട്, എന്നിവർ പറഞ്ഞു.
പരിപാടിക്ക് കോൺഫെഡറേഷൻ ഓഫ്ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് അനിൽ കെ. സുകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പോൾ ചിതലൻ, പബ്ലിസിറ്റി കൺവീനർ ഷബീറലി റിഥം മീഡിയ,നാസർ കുറ്റൂർ, പി.പി. അബ്ദുറഹിമാൻ, അൻവർ സാദത്ത് കള്ളിയത്ത്, സി.പി. ലത്തീഫ് ബിഗ് മേക്ക്, കവിത ഹുസൈൻ, ഷംസു നാലകത്ത്, സി.കെ. സുലൈമാൻ കുട്ടി, നേഹ സി. മേനോൻ, അനസ് സ്നേഹതീരം, സുധീഷ് നായത്ത്, അഷ്റഫ് റീഗൾ, ജമാൽ കലന്തർ, സമദ് പ്ലസന്റ് എന്നിവർ നേതൃത്വം നൽകി.