
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ കാണാൻ ആരാധകൻ ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തന്റെ പ്രിയ താരത്തെ കാണാൻ യുവാവ് നടന്നത് 1436 കിലോമീറ്റർ ആണ്. ഹരിയാനക്കാരനായ അജയ് ഗിൽ ആണ് തൻ്റെ പ്രിയതാരത്തെ കാണാൻ റാഞ്ചി വരെ നടന്നത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് അജയ് റാഞ്ചിയിലേക്ക് നടക്കുന്നത്. ആദ്യത്തെ തവണ 16 ദിവസം കൊണ്ട് സ്ഥലത്തെത്തിയ അജയ് ഇത്തവണ 18 ദിവസം കൊണ്ട് റാഞ്ചിയിലെത്തി.
തൻ്റെ പ്രിയപ്പെട്ട ആരാധകനെ ഫാംഹൗസിലേക്ക് ക്ഷണിച്ചു എന്നാണ് റിപ്പോർട്ട്. ഫാംഹൗസിൽ തന്നെ അജയ്ക്ക് താമസവും ഒരുക്കി. തുടർന്ന് തിരികെ പോകാനുള്ള വിമാന ടിക്കറ്റും ധോണി നൽകി.
നാട്ടിൽ ക്രിക്കറ്റ് കളിക്കുന്ന അജയ്ക്ക് ഒരിക്കൽ ഇന്ത്യക്ക് വേണ്ടി കളിക്കണമെന്നാണ് ആഗ്രഹം. എന്നാൽ, ധോണി വിരമിച്ചതിനു പിന്നാലെ കളി നിർത്തിയ അജയ് ധോണിയെ കണ്ടതിനു ശേഷമേ കളി പുനരാരംഭിക്കൂ എന്ന് തീരുമാനമെടുത്തിരുന്നു. പ്ലസ് ടു പാസായ അജയ് നിലവിൽ ബാർബർ ഷോപ്പിൽ ജോലി ചെയ്യുകയാണ്.