
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനമേര്‍പ്പെടുത്തി. ജില്ലയില്‍ തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാരം, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം തുടരും.
എറണാകുളത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ച് ഉത്തരവിറക്കി. മണ്ണെടുക്കല്‍ ഉള്‍പ്പെടെയുള്ള മറ്റ് ഖനന പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കും. മഴ ശക്തമായതിനാലാണ് നടപടി.
സംസ്ഥാനത്ത് 589 ദുരിതാശ്വാസ ക്യാമ്പുകളിലായി 1947 പേരാണ് കഴിയുന്നത്. വെള്ളക്കെട്ട് രൂക്ഷമായ കുട്ടനാട് താലൂക്കില്‍ 50 ഗ്രുവല്‍ സെന്ററുകള്‍ സ്ഥാപിച്ചു. കൈനകരി വടക്ക്, തെക്ക് വില്ലേജുകളിലാണ് ഗ്രുവല്‍ സെന്ററുകള്‍ സ്ഥാപിച്ചത്. 1131 കുടുംബങ്ങളിലെ 4564 പേരാണ് ഗ്രുവല്‍ സെന്ററുകളില്‍ കഴിയുന്നത്. എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് കണ്ട്രോള് റൂമുകള്‍ തുറന്നു.
സംസ്ഥാനത്ത് ക്യാമ്പകള്ക്കായി 3071 കെട്ടിടങ്ങള്‍ പുതുതായി കണ്ടെത്തി. ക്യാമ്പുകളില്‍ 4,23,080 പേരെ ഉള്‍ക്കൊള്ളിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. തൃശൂര്‍ ജില്ലയിലെ തീരദേശ മേഖലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തി. രണ്ട് ദിവസത്തേക്കാണ് സന്ദര്‍ശന വിലക്ക്.