
മഹാഭാരതത്തിലെ പാണ്ഡവർ തങ്ങളുടെ അസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു ആസ്ത്രേലിയ എന്ന് ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ. ഭക്തന്മാരിൽ ഒരാളുടെ ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു രവിശങ്കറുടെഇത്തരത്തിലുള്ള അവകാശവാദം.
പാണ്ഡവർ തങ്ങളുടെ ബ്രഹ്മാസ്ത്രം, പശുപത അസ്ത്രം തുടങ്ങിയവ എവിടെയായിരുന്നു സൂക്ഷിച്ചിരുന്നത് എന്നാണ് ഒരു ഭക്തൻ അദ്ദേഹത്തോട് ചോദിച്ചത്.
ഇതിന് ആസ്ത്രേലിയ എന്നായിരുന്നു ശ്രീ ശ്രീ രവിശങ്കറുടെ ഉത്തരം. ‘നമ്മുടെ മഹാഭാരതത്തിൽ അതിനെ അസ്ത്രാലയ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതാണ് പിന്നീട് ഓസ്ട്രേലിയ ആയി മാറിയത്.
പാണ്ഡവർ എല്ലാ ശക്തിയേറിയ ആയുധങ്ങളും അസ്ത്രാലയത്തിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. അതിനാൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പൊക്കെ അവിടെ അണുബോബ് സ്ഫോടനങ്ങൾ നടന്നിരുന്നു എന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതുകൊണ്ട് തന്നെ അവിടെ മരങ്ങളോ ജീവജാലങ്ങളോ ഉണ്ടായിരുന്നില്ല. അതിനാൽ അവിടെ ജനവാസവും കുറവാണ്’- ഇതൊക്കെയായിരുന്നു രവിശങ്കറുടെ വാദങ്ങൾ.
എന്നാൽ ഇദ്ദേഹത്തിന്റെ കണ്ടു പിടിത്തത്തിനെതിരെ ട്രോളന്മാർ സോഷ്യൽ മീഡിയയിൽ പൊങ്കാല തുടരുകയാണ്.
നർമ്മവും, തെറി വിളികളും, മറു ചോദ്യങ്ങളുമൊക്കെയായി പല വിധ കമൻറ്റുകളാണ് സോഷ്യൽ മീഡിയയിൽ ശ്രീ ശ്രീ രവിശങ്കറിനെതിരെ നടന്ന് കൊണ്ടിരിക്കുന്നത്.
”പാണ്ടവർ നടന്നുതളർന്ന അമ്മയോട് ഒരു കല്ല് കണ്ടപ്പോൾ അമ്മേ ഇരിക്കൂ എന്നു പറഞ്ഞു അവിടെ ആണിപ്പോൾ അമേരിക്ക.. “
“സത്യം.. ഞാൻ പറയാൻ ഇരിക്കുവാരുന്നു. യമൻ ഉപയോഗിച്ച വാഹനമാണു “യമ”ഹ”
പുരാതനകാലത്ത് അമരകൃഷി നടത്തിയിരുന്ന സ്ഥലമാണ് പിന്നീട് ‘അമേരിക്ക ‘ ആയത്…
സോമരസം ഉണ്ടാക്കിയിരുന്ന സ്ഥലം “സോമാലിയ” .
സ്ത്രീകൾ പെറാൻ പോയ സ്ഥലം ” പെറു ” ..
അന്തരാത്മാവ് സ്ഥിതി ചെയ്യുന്ന ഇടം അന്തരാർട്ടിക്കയും പിന്നീട് അൻർട്ടിക്കയുമായി….
അങ്ങനെ എന്തെല്ലാം…
(ഇങ്ങനെ പല അറിവും ഉണ്ടെങ്കിലും ഞാനിതൊന്നും പറഞ്ഞു നടക്കാറില്ല …എന്നായിരുന്നു ഒരാളുടെ കമന്റ്.
ഇങ്ങനെ പലവിധ ട്രോളുകളാണ് ഇദ്ദേഹത്തിന്റെ കണ്ടു പിടുത്തത്തെ വരവേറ്റു കൊണ്ടിരിക്കുന്നത്.
എന്താണെങ്കിലും പുഷ്പ വിമാനങ്ങളും മറ്റുമൊക്കെയായി പഴയ വിവാദ പോസ്റ്റുകളൊക്കെ ഇപ്പോൾ ട്രോളന്മാർ കുത്തി പൊക്കി കൊണ്ടു വന്നിട്ടുണ്ട്.