
തൃശൂർ: നൂറിലധികം എ.ടി.എം കാർഡുകളുമായി എ.ടി.എം കവർച്ചാ സംഘം പിടിയിലായി.
ഉത്തർപ്രദേശ് കാൺപൂർ സ്വദേശികളായ നാലു പേരാണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കേരളത്തിലെ വിവിധ ഇടങ്ങളിൽ എ.ടി.എമ്മിൽ കൃത്രിമം കാട്ടിയാണ് ഇവർ പണം തട്ടിയെടുത്തിരുന്നത്.
ദിവസങ്ങൾ നീണ്ടു നിന്ന പോലീസിന്റെ അന്വേഷണത്തിനൊടുവിലാണ് എടിഎം കവർച്ചാ സംഘത്തെ പോലീസ് പിടികൂടിയത്.
ഉത്തർപ്രദേശ് കാൺപൂർ ഗോവിന്ദ് നഗർ സ്വദേശി മനോജ് കുമാർ (55), സൌത്ത് കാൺപൂർ സോലാപർഹ് സൌത്ത് അജയ് ഷങ്കർ (33), കാൺപൂർ പാങ്കി പതർസ സ്വദേശി പങ്കജ് പാണ്ഡേ (25), കാൺപൂർ ധബോളി സ്വദേശി പവൻ സിങ്ങ് (29) എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറും സംഘവും അറസ്റ്റു ചെയ്തത്.
വിവിധ ബാങ്കുകളുടെ 104 ഓളം എടിഎം കാർഡുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ആദ്യം സ്വന്തം എ.ടി.എം കാർഡ് ഉപയോഗിച്ച് പണം സാധാരണ രീതിയിൽ പിൻവലിക്കുകയും ഒപ്പം നോട്ടുകൾ മെഷീനിൽ നിന്നും പുറത്തേക്ക് എത്തുന്നതിനു മുൻപ് എ.ടി.എം ലെ സെൻസർ കൈ കൊണ്ടു മറച്ചുപിടിക്കും. ഇപ്രകാരം ചെയ്യുമ്പോൾ എ.ടി.എം ഇടപാട് എറര്‍ ആയി രേഖപ്പെടുത്തും.
എന്നാൽ നോട്ടുകൾ പുറത്തേക്ക് വരികയും ചെയ്യും. തുടര്‍ന്ന് എ.ടി.എമ്മില്‍ നിന്നും പണം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മോഷ്ടാക്കള്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറിലേക്ക് ബന്ധപ്പെടുകയും ഇടപാട് എറര്‍ ആയതിനാല്‍ ബാങ്ക് പണം തിരികെ എകൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും.
ഇങ്ങനെ നിരവധി അക്കൗണ്ടുകൾ തുടങ്ങി ഇത്തരത്തിൽ ഇവർ തട്ടിപ്പ് നടത്തി ഓരോ തവണയും പരമാവധി തുക പിൻവലിക്കുകയും ചെയ്യും.
അവധി ദിവസങ്ങൾക്ക് മുൻപാണ് കൂടുതൽ തട്ടിപ്പുകളും നടത്തിയിട്ടുള്ളത്. കേരളത്തിലും പുറത്തും വിവിധ ഇടങ്ങളിൽ സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം.
കഴിഞ്ഞ ദിവസങ്ങളിലായി തൃശൂർ അശ്വിനി ആശുപത്രിക്കു സമീപമുള്ള എസ്.ബി.ഐ യുടെ എടിഎമ്മിൽ 1,50,000 രൂപയുടെ ദൂരൂഹ ഇടപാട് നടന്നതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്.ബി.ഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ എ.ടി.എം ചാനൽ മാനേജർ ഷിനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
പണം തട്ടിപ്പുകാർക്ക് ലഭിക്കുമെങ്കിലും, പണം പിൻവലിക്കപ്പെട്ടതായി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയില്ല, മാത്രമല്ല എടിഎമ്മിൽ സാങ്കേതിക തകരാർ മൂലം പണം നൽകാൻ സാധിച്ചില്ല എന്ന് കാണിക്കുന്നു.
എടിഎമ്മിലൂടെ പണം ലഭിച്ചില്ലെന്നു കാണിച്ച് തട്ടിപ്പുകാർ ബാങ്കിൽ പരാതി നൽകും. റിസർവ്വ് ബാങ്ക് നിയമപ്രകാരം ഇത്തരത്തിൽ പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം ഇടപാടുകാരന് പണം മടക്കി നൽകണം. അതോടെ ബാങ്ക് പണം നൽകാൻ ബാധ്യസ്ഥരാകുന്നു.
ഇത്തരത്തിൽ നിരവധി തവണ ആവർത്തിക്കുന്നു. വിവിധ എക്കൌണ്ടുകൾ വഴിയും ഇതുപോലെ ശ്രമിക്കുന്നു. ഇതോടെ ലക്ഷങ്ങൾ ഇവർക്ക് ലഭിക്കും.
ബാങ്ക് അധികാരികൾ നൽകിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തെത്തുടർന്ന് എടിഎമ്മുകളിലെ സിസിടിവി ക്യാമറകളിൽ നിന്നും പ്രതികളുടെ ദൃശ്യങ്ങൾ ഈസ്റ്റ് പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും, പോലീസുദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് കൈമാറുകയും ചെയ്തിരുന്നു.
തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ തൃശൂർ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വെച്ച് പിടികൂടിയത്. പ്രതികളുടെ കൈവശം നിന്നും നൂറിലധികം എടിഎം കാർഡുകളും 35,000 രൂപയും പിടിച്ചെടുത്തു.
ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർ പ്രമോദ്, സീനിയർ സിപിഓ ഷെല്ലാർ, സിപിഓ വിജയരാജ്, ട്രാഫിക് പോലീസ് സ്റ്റേഷൻ സിപിഓ ഷാജഹാൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ പിടികൂടിയതറിഞ്ഞ് വിവിധ ബാങ്ക് അധികാരികളും എടിഎം കമ്പനികളും ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നും പ്രതികൾ ഇത്തരത്തിൽ തട്ടിപ്പുനടത്തിയിട്ടുണ്ടാകാൻ സാധ്യതയുണ്ട്. പ്രതികളിൽ നിന്നും പിടികൂടിയ എടിഎം കാർഡുകളുടെ യഥാർത്ഥ എക്കൌണ്ട് ഉടമകളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തും.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.