
ഐഎസ്എല്ലിൽ സീസണിലെ ആദ്യ ജയം തേടി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കരുത്തരായ ബംഗളൂരു എഫ്സിക്കെതിരെ കളിക്കും. രാത്രി ഏഴരയ്ക്ക് ജിഎംസി അത്ലറ്റിക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ബ്ലാസ്റ്റേഴ്സിൻ്റെ നിലവിൽ കളിക്കുന്ന മോശം രീതി മാറ്റിയില്ലെങ്കിൽ ടീമിന് ഇന്നും ജയിക്കാനാകില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. ആദ്യ കളിയിൽ രണ്ട് ഗോൾ നേടിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ അവസരങ്ങൾ അനവധി ലഭിച്ചിട്ടും ഗോളടിക്കാനായിരുന്നില്ല. ഹർമൻജോത് ഖബ്റ, അഡ്രിയാൻ ലൂണ, കെപി രാഹുലിന് പകരമെത്തിയ വിൻസി ബാരെറ്റോ എന്നിവർ നന്നായി കളിക്കുന്നുണ്ട്. കഴിഞ്ഞ കളിയിൽ പകരക്കാരനായിറങ്ങിയ അൽവാരോ വാസ്ക്വസ് ഇന്നത്തെ കളിയിൽ ആദ്യ ഇലവനിലുണ്ടാകും.
ബംഗളുരു എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-2 ന് കീഴ്പ്പെടുത്തിയായിരുന്നു സീസണിന് തുടക്കമിട്ടത്. പക്ഷെ രണ്ടാം മത്സരത്തിൽ ഒഡീഷ എഫ്സിയോട് 3-1 ന് പരാജയപ്പെട്ടു. ബ്ലാസ്റ്റേഴ്സിനോട് ജയിച്ച് പോയിന്റ് പട്ടികയിൽ മുൻപന്തിയിൽ തുടരാനാകും ബംഗളൂരുവിൻ്റെ ശ്രമം.