തൃശൂർ: കഞ്ചാവ് കേസുകളിൽ സ്ഥിരം പ്രതിയായ യുവാവിനെ കഞ്ചാവുമായി വീണ്ടും പിടികൂടി.
കൈപ്പറമ്പ് കണ്ടങ്ങത്ത് വീട്ടിൽ അജയഘോഷ് (കണ്ണൻ 37) നെയാണ് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഇരുപത് പൊതി കഞ്ചാവ് കണ്ടെടുത്തു.
തോളൂർ പാലത്തിന് സമീപം സ്കൂട്ടറിൽ കഞ്ചാവുമായി വന്ന പ്രതി എക്സൈസ് സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സെന്റ് അൽഫോൺസാ പള്ളിക്ക് സമീപം വച്ച് പ്രതിയെ പിൻതുടർന്ന് പിടികൂടി. വാഹനവും കസ്റ്റഡിയിലെടുത്തു.
എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർമാരായ വിന്നി, എം.ഒ അബ്ദഗലി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ആർ രഞ്ജിത്ത്, അനീഷ് ടി.സി, ഉസ്മാൻ, നൂർജ കെ.എച്ച് , എക്സൈസ് ഡ്രൈവർ ടി.പി മനോജ് എന്നിവർ പങ്കെടുത്തു.
ഇയാൾക്ക് കഞ്ചാവ് നൽകിയ തോളൂർ സ്വദേശി മനു എന്നയാൾക്കെതിരെയും അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.