
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം എന്ന് അവകാശപ്പെടുന്ന ഫോട്ടോ ഉൾപ്പെടുത്തി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവ ചരിത്രം പ്രകാശനം ചെയ്തു. സുൽത്താൻ വാരിയം കുന്നൻ എന്ന് പേരിട്ട പുസ്തകം രചിച്ചത് ചരിത്രകാരൻ റമീസ് മുഹമ്മദ് ആണ്. മലപ്പുറത്ത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിൽ ആയിരുന്നു ചടങ്ങുകൾ.
ഇത് വരെ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മുഖം പല രേഖകളിലും വിവിധ ഛായകളിൽ ആണ് രേഖപ്പെടുത്തിയിട്ടുളളത്. എന്നാല് അദ്ദേഹത്തിൻ്റെ മുഖം ഇതാണെന്ന് അടയാളപ്പെടുത്തുകയാണ് ചരിത്രകാരൻ റമീസ് മുഹമ്മദ്. പത്ത് വര്ഷമായി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലായിരുന്നുവെന്നും അദ്ദേഹത്തെ പറ്റിഇത് വരെ അറിയാത്ത പല വിവരങ്ങളും പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കണ്ടെത്തിയത് എന്നും ചരിത്രകാരൻ പറയുന്നു. പല വിദേശ രാജ്യങ്ങളിലെയും ചരിത്ര രേഖകൾ കൂടി അടിസ്ഥാനമാക്കിയാണ് പുസ്തകം തയ്യാറാക്കിയത് എന്നും റമീസ് മുഹമ്മദ് പറഞ്ഞു.
” ഞാൻ കഴിഞ്ഞ 10 വർഷത്തിൽ അധികമായി ഇതിൽ ആഴത്തിൽ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് വിദേശരാജ്യങ്ങളിൽ രേഖപ്പെടുത്തിയ ചരിത്രരേഖകൾ വരെ എനിക്ക് പരിശോധിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. അതിനെല്ലാം അടിസ്ഥാനത്തിലാണ് സുൽത്താൻ വാരിയംകുന്നൻ എന്ന പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. അദ്ദേഹത്തിൻറെ ചിത്രം പോലും അത്തരത്തിൽ ഒരു ചരിത്ര രേഖയിൽ നിന്നാണ് കണ്ടെത്തിയത്. “
” അന്ന് അമേരിക്കയിൽ ഉള്ള ഒരു പത്രത്തിന്റെ ഫ്രഞ്ച് എഡിഷനിൽ ഒരു ലേഖകൻ ഇവിടെ മലബാറിൽ വന്നു റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. അതെല്ലാം മനസ്സിലാക്കാൻ ഗവേഷണത്തിന് ഇടയിൽ സാധിച്ചു. “
” സമരത്തിന് ഇടയിൽ സംഭവിച്ച ദൗർഭാഗ്യകരമായ സംഭവങ്ങൾ ഒന്നും അദ്ദേഹം അറിഞ്ഞിട്ടല്ല. അറിവോടെയും അല്ല.. അത് അദ്ദേഹം തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. അതെല്ലാം സമരത്തെ തകർക്കാൻ ബ്രിട്ടീഷുകാരും മറ്റും ചെയ്തതാണ്. സമരത്തെ പറ്റി ഉള്ള സത്യാവസ്ഥ വെളിപ്പെടുത്തുക എന്നൊരു ദൗത്യം ആണ് പുസ്തകത്തിലൂടെ ചെയ്യുന്നത്. “
” ബ്രിട്ടീഷുകാർക്കെതിരെ വാരിയം കുന്നത്ത് നടത്തിയ പോരാട്ടങ്ങൾ എല്ലാം തന്നെ പല രാജ്യങ്ങളിലും ഉള്ള ചരിത്ര രേഖകളിൽ ഉണ്ട്. ഇതെല്ലാം വിശദമായി പഠിച്ച് തന്നെ ആണ് ജീവചരിത്രം തയ്യാറാക്കിയിട്ടുള്ളത്. കൃത്യമായ റെഫറൻസ് ഉണ്ട് ഇതിൽ ഓരോ വിവരത്തിനും. ഓരോ വിവരവും എവിടെ നിന്ന് ആണ് ലഭിച്ചത് എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.”
” വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെള്ള പൂശേണ്ട ആവശ്യം ഒന്നും ഇല്ല. ഞാൻ അദ്ദേഹത്തെ പറ്റി പഠിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ ആണ് ഇതിൽ ഉള്ളത്. നിഷ്പക്ഷമായി എഴുതി എന്ന് തന്നെ ആണ് ഞാൻ കരുതുന്നത്. ബാക്കി വായനക്കാർ നിശ്ചയിക്കട്ടെ “
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകൻ ബീരാവുണ്ണി എന്ന മൊയ്തീൻ കുട്ടിയുടെ പേരമകൾ ആയ ഹാജിറ ആണ് പുസ്തകം പ്രകാശനം ചെയ്തത്.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ചലച്ചിത്ര രൂപത്തിൽ ഏറെ വൈകാതെ പുറത്തിങ്ങും എന്നും റമീസ് മുഹമ്മദ് പറഞ്ഞു. ഇതിന്റെ അണിയറ പ്രവർത്തനങ്ങളും പുരോഗമിക്കുക ആണ്. നേരത്തെ റമീസ് മുഹമ്മദ് കൂടി തിരക്കഥയിൽ പങ്കാളിയായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി പുറത്തിറക്കാനിരുന്ന ചിത്രത്തിൽ നിന്നുംആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയത് സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.