
കോട്ടയം: എം.ജി സർവകലാശാലയിലെ എഐഎസ്എഫ് (AISF) വനിതാ നേതാവിന്റെ പരാതിയിൽ പത്ത് എസ്എഫ്ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. എഐഎസ്എഫ് വനിതാ നേതാവിനെതിരെ കേട്ടാൽ അറക്കുന്ന രീതിയിലുള്ള അസഭ്യം പറയുകയും മർദ്ധിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് പോലീസ് കേസ് എടുത്തത്.
എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിന്റെ പരാതിയിലാണ് 10 എസ്എഫ്ഐ നേതാക്കക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ടോണി കുര്യാക്കോസ്, ഷിയാസ് ഇസ്മയിൽ, അർഷോം, ദീപക്, അമൽ, പ്രജിത് കെ ബാബു, സുധിൻ എന്നിവർക്കെതിരെയാണ് ഗാന്ധിനഗർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവരെക്കൂടാതെ നേരിട്ട് അറിയാത്ത മൂന്നുപേർക്കെതിരെയും ഗാന്ധിനഗർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കെഎം അരുണിനെതിരെയും എഐഎസ്എഫ് വനിതാ നേതാവ് പരാതിയിൽ പരാമർശിച്ചിരുന്നു. ഇയാൾക്കെതിരെ പോലീസിൽ മൊഴിനൽകി എന്നായിരുന്നു പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തു വന്ന ശേഷം പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പെൺകുട്ടി അരുണിനെതിരെ മൊഴി നൽകിയിട്ടില്ല എന്നാണ് പോലീസ് നൽകുന്ന സൂചന. അതുകൊണ്ടാണ് അരുണിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്നും പൊലീസ് പറയുന്നു.
യൂണിവേഴ്സിറ്റിയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷങ്ങൾക്കിടയിലാണ് ഭീഷണി ഉണ്ടായത് എന്ന് നിമിഷ പറയുന്നു.
സംഘർഷത്തിനിടെ എസ്എഫ്ഐ നേതാക്കൾ ഞങ്ങൾക്കെതിരെ ക്രൂരമായി ആക്രമണം നടത്തി. കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള തെറിവിളി ആണ് നടത്തിയത്. ഇതിനിടെയാണ് ബലാത്സംഗം ചെയ്യുമെന്ന് എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയതെന്ന് നിമിഷ പറഞ്ഞു.
എസ്എഫ്ഐക്കെതിരെ നിന്നാൽ തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാക്കി തരുമെന്ന് എസ്എഫ്ഐ നേതാക്കൾ ഭീഷണിപെടുത്തിയെന്നും ഇവർ പറഞ്ഞു. അവർ എന്റെ മാറിടത്തിൽ പിടിച്ചുവെന്നും പരാതിക്കാരി പറഞ്ഞു. എസ്എഫ്ഐ നേതാക്കൾ AISF നേതാക്കളെ ആക്രമിക്കുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. അതേസമയം വീഡിയോ വ്യാജമാണെന്ന് പറഞ്ഞു SFI നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.
പട്ടികജാതി പട്ടികവർഗ അതിക്രമം നിയമപ്രകാരവും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തേക്കും. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള ഒത്തുതീർപ്പുകൾക്കും താൻ നിൽക്കുകയില്ല എന്നും എഐഎസ്എഫ് വനിതാ നേതാവ് പറഞ്ഞു . രണ്ടും ഇടതുപക്ഷ സംഘടനകൾ ആയതുകൊണ്ട് തന്നെ ഒത്തുതീർപ്പുകൾക്ക് തയ്യാറാകുമോ എന്ന ചോദ്യത്തിനായിരുന്നു അവരുടെ മറുപടി.