
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ 15 കാരനെതിരെ കടുത്ത ശിക്ഷകൾ ലഭിക്കാൻ സാധ്യത കുറവെന്ന് നിയമവിദഗ്ധർ. പ്രതിയുടെ പ്രായം കണക്കിലെടുത്ത് ശിക്ഷയുടെ കാഠിന്യം കുറയുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
മലപ്പുറം ജില്ലയിൽ ഇത് വരെ സംഭവിച്ചതിൽ പ്രായപൂർത്തിയാകാത്ത ആൾ പ്രതിയായ ഏറ്റവും ക്രൂരമായ കുറ്റങ്ങളിൽ ഒന്നാണ് കൊണ്ടോട്ടിയിൽ സംഭവിച്ചത്. എന്നാൽ പ്രതിയുടെ പ്രായം 15 വയസ് ആയതിനാൽ പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കാൻ സാധ്യത കുറവ് ആണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.
മൂന്ന് വിധത്തിലാണ് ബാലനീതി നിയമ പ്രകാരം കുറ്റങ്ങളെ കണക്കാക്കുക. പെറ്റി കേസ് അഥവാ നിസാര കുറ്റം, സീരിയസ് കേസ് അഥവാ ഗുരുതരം, ഹീനിയസ് അഥവ ഹീനമായ, ക്രൂരമായ കുറ്റം എന്നിവയാണ് അവ. 16 വയസിൽ താഴെ പ്രായം ഉളളവർ ഏറ്റവും ഹീനമായ കുറ്റ കൃത്യത്തിൽ പ്രതിയായാലും അതിനെ ഗുരുതര കുറ്റം എന്ന നിലയിൽ ആണ് നിയമ പ്രകാരം കാണുക എന്ന് അഡ്വ. ഷാജേഷ് ഭാസ്കർ പറഞ്ഞു.
ഗുരുതര ഗണത്തിൽ പെട്ട കുറ്റത്തിന് മൂന്ന് മുതൽ ഏഴു വർഷം വരെ തടവ് ആണ് ശിക്ഷ. എന്നാൽ തടവ് ജയിലിൽ അല്ല മറിച്ച് തിരുത്തൽ കേന്ദ്രത്തിൽ ആണ്. കൊണ്ടോട്ടി പീഡന ശ്രമത്തിലെ പ്രതി മൂന്നാമത്തെ ഗണത്തിൽ പെട്ട ക്രൂരമായ കുറ്റം ആണ് ചെയ്തത് എങ്കിലും പ്രായം കണക്കിലെടുത്ത് അതിനെ ഗുരുതര കുറ്റം ആയിട്ട് ആയിരിക്കും കണക്കാക്കുക.
പ്രതിയുടെ കുടുംബ പശ്ചാത്തലം,മുമ്പ് മറ്റു കുറ്റ കൃത്യങ്ങളിൽ പ്രതിയായിട്ടുണ്ടോ എന്നിവയെല്ലാം ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിശോധിക്കും. കൊണ്ടോട്ടി പീഡന ശ്രമത്തിലെ പ്രതി 15 കാരന് മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ചരിത്രം ഇല്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇന്നലെ മലപ്പുറം ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കിയ 15 കാരനെ കോഴിക്കോട് വെളളിമാട് കുന്നിലെ കേന്ദ്രത്തിലേക്ക് മാറ്റി.