പൊന്നാനി :പൊന്നാനി മേഖലയിൽ സിന്തറ്റിക് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എം.ഡി.എം.എ. വില്പനയ്ക്കായി എത്തിക്കുന്ന പ്രധാന ഏജൻറായ പൊന്നാനി തൃക്കാവ് സ്വദേശി കുന്നത്തകത്ത് വീട്ടിൽ ഫൈസൽ റഹ്മാനെ (38) പോലീസ് അറസ്റ്റ് ചെയ്തു.
പൊന്നാനി സി.ഐ. വിനോദ് വലിയാറ്റൂരിന്റെയും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപയോളം വിലവരുന്ന 20 ജി.ആർ. മോളം എം.ഡി.എം.എ.യും ചില്ലറ വില്പനയ്ക്കായി തയ്യാറാക്കിയ കഞ്ചാവുപായ്ക്കറ്റുകളുമായി ഫൈസലിന്റെ ബന്ധു ദിൽഷാദിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയിലെ പ്രധാന ഏജന്റായ ഫൈസൽ റഹ്മാനെ പിടികൂടിയത്. ബെംഗളൂരുവിൽനിന്നാണ് ഇയാൾ എം.ഡി.എം.എ. പൊന്നാനിയിലേക്ക് കൊണ്ടുവരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.