ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ടീം ഇന്ത്യയുടെ(Team India) തുടക്കം നിരാശയോടെയായിരുന്നു.ആവേശപ്പോരാട്ടത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനോട്(Pakistan) ഇന്ത്യ 10 വിക്കറ്റിനാണ് തോല്‍വി വഴങ്ങിയത്. ഇന്ത്യയുടെ 151 റണ്‍സ് പിന്തുടര്ന്ന് ആധികാരികമായിരുന്നു പാകിസ്ഥാന്റെ ജയം. ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
1. ടോസ് നഷ്ടമായത്- ദുബായില്‍ ടോസ് നിര്‍ണായകമായിരുന്നു. ടോസ് കിട്ടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കുമെന്ന് ഉറപ്പ്. അവിടെ തുടങ്ങി ഇന്ത്യയുടെ നിര്‍ഭാഗ്യം. ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നു.
2. ഷഹീന് അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്‍- ഷഹീന് അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിച്ചു. രോഹിത് ശര്‍മ്മയെയും കെ എല്‍ രാഹുലിനെയും തുടക്കത്തിലെ പുറത്താക്കിയ ഷഹീന് അഫ്രീദി പാകിസ്ഥാന് മേധാവിത്വം നല്കി.
3. ഷദാബ് ഖാന്റെ ബൗളിംഗ്- നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുനല്‍കിയ ഷദാബ് ഖാന് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായ റിഷഭ് പന്തിനെ പുറത്താക്കുകയും ചെയ്തു.
4. പാക് ഫീല്‍ഡിംഗ്- ഫീല്‍ഡിംഗിലും മികച്ചുനിന്നത് പാകിസ്ഥാന് തന്നെ
5. പാക് ഓപ്പണിംഗ് ബാറ്റേഴ്സ്- ജസ്പ്രീത് ബുമ്ര ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ദുബായിലെ പിച്ചില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. മുഹമ്മദ് റിസ്വാന്റെയും നായകന് ബാബര്‍ അസമിന്റേയും അര്‍ധസെഞ്ചുറി പ്രകടനം പാകിസ്ഥാന് ആദ്യ ജയം സമ്മാനിച്ചു.
ദുബായില്‍ പാകിസ്ഥാന് 10 വിക്കറ്റിനാണ് ഇന്ത്യയെ തോല്പിച്ചത്. ഇന്ത്യയുടെ 151 റണ്‍സ് 13 പന്ത് ശേഷിക്കേ പാകിസ്ഥാന് മറികടക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാന് ഇന്ത്യയെ തോല്പിക്കുന്നത്.
പ്രതിസന്ധി ഘട്ടത്തില്‍ ഒരിക്കല്‍ക്കൂടി തന്റെ മാറ്ററിയിച്ച നായകന് വിരാട് കോലിയും(49 പന്തില്‍ 57), റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായ റിഷഭ് പന്തും(30 പന്തില്‍ 39) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പഴുതുകള്‍ നല്‍കാതെ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും തകര്‍ത്തടിച്ചു. കളി പാകിസ്ഥാന് ജയിക്കുമ്ബോള്‍ റിസ്വാന് 79 റണ്‍സും ബാബര്‍ 68 റണ്‍സുമായി പുറത്താകാതെ നിന്നു.