
തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുന:സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തി നിർണ്ണയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി പുന:സ്ഥാപിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ഇന്നാണ് ജമ്മു കശ്മീരിലെത്തിയത്.
2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയത്. പിന്നീട് ജമ്മു കശ്മീരിനെ ലഡാക്ക്, ജമ്മു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.
ജമ്മു കശ്മീരിൽ തീവ്രവാദം കുറഞ്ഞുവെന്ന് അമിത് ഷാ പറഞ്ഞു. കല്ലെറിയുന്ന സംഭവങ്ങൾ ഇപ്പോൾ എവിടെയും കാണാനില്ല. ജമ്മു കശ്മീരിലെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഞാൻ ഉറപ്പുനൽകുകയാണ്. കശ്മീരിന്റെ വികസനത്തെ ആർക്കും തടയാനാകില്ല.
കശ്മീരിൽ നടപ്പാക്കുന്ന കർഫ്യൂവിനെയും ഇന്റർനെറ്റ് നിരോധനത്തെയും ആളുകൾ ചോദ്യംചെയ്യുന്നു. എന്നാൽ, കർഫ്യൂ ഇല്ലായിരുന്നെങ്കിൽ എത്ര ജീവനുകൾ നഷ്ടപ്പെടുമായിരുന്നെന്ന് എനിക്കറിയില്ല. കർഫ്യൂവും ഇന്റർനെറ്റ് നിരോധനവും കശ്മീരിലെ യുവാക്കളെ രക്ഷിക്കുകയാണ് ചെയ്തത് -അമിത് ഷാ പറഞ്ഞു.