
ഗുവാഹത്തി: അസമിലെ ദിബ്രുഗഡിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ 21കാരനെ അറസ്റ്റിൽ. കോളേജ് സഹപാഠിയായ പെൺകുട്ടിയുടെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയ്ക്കൊപ്പം പ്രതിയുടെ ബന്ധുവും സുഹൃത്തും ചേർന്ന് തന്നെ പീഡിപ്പിച്ചതായി സംശയിക്കുന്നതായും പെൺകുട്ടി പരാതിയിൽ പറഞ്ഞു. യുവതി തിരിച്ചറിഞ്ഞ മറ്റ് രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ശനിയാഴ്ച യുവതി നൽകിയ പരാതിയിലാണ് പൊലീസ് അറസ്റ്റ്. ആറു മാസം മുമ്പ് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയ ശേഷം പ്രതികൾ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. അതേസമയം പെൺകുട്ടിയുടെ ഫോട്ടോകൾ പുറത്തു വന്നതിന് ശേഷം ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച മറ്റുള്ളവർക്കെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
“അടുത്തിടെ യുവതിയുടെ വിവാഹം സംബന്ധിച്ച ചർച്ചകൾക്കിടെ ആരോ യുവതിയുടെ നഗ്നചിത്രങ്ങൾ വരന് അയച്ചുകൊടുത്തപ്പോഴാണ് പെൺകുട്ടി ഇക്കാര്യം അറിയുന്നത്. തുടർന്നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത് ” ദിബ്രുഗഡ് പോലീസ് സൂപ്രണ്ട് ശ്വേതാങ്ക് മിശ്ര പറഞ്ഞു.
ആറ് മാസം മുമ്പ് ബൈക്കിൽ പ്രതിയ്ക്കൊപ്പം യുവതി കോളേജിലേക്ക് പോകവേ വാഹനം തകരാറിലായിരുന്നു. തുടർന്ന് ഇരുവരും പ്രതിയുടെ ബന്ധുവിന്റെ കാറിൽ യാത്ര തുടർന്നു.
“യാത്രയ്ക്കിടെ, അവർ നൽകിയ മയക്കുമരുന്ന് കലർന്ന പാനീയം പെൺകുട്ടിയെ കുടിപ്പിക്കുകയും ഉടൻ തന്നെ ബോധരഹിതയായി വീഴുകയും ചെയ്തു. ബോധം വീണ്ടെടുത്തപ്പോൾ പെൺകുട്ടി സഹപാഠിയുടെ ബന്ധുവീട്ടിലെ ഒരു മുറിയിലായിരുന്നു. അവളുടെ സഹപാഠിയും മറ്റൊരു യുവാവും അപ്പോൾ ആ വീട്ടിൽ ഉണ്ടായിരുന്നു, ”ദിബ്രുഗഡ് അഡീഷണൽ പോലീസ് സൂപ്രണ്ട് ബിതുൽ ചേതിയ വ്യക്തമാക്കി.
സംഭവ സമയത്ത് അബോധാവസ്ഥയിലായിരുന്നതിനാൽ ആക്രമണത്തെ കുറിച്ച് പെൺകുട്ടിക്ക് അറിയില്ലായിരുന്നു. മൂവരും തന്നെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തതായി സംശയിക്കുന്നുവെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി.
യുവതിയുടെ മൊയിയുടെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്വകാര്യത ലംഘനം, ലൈംഗികത വ്യക്തമാക്കുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുക അല്ലെങ്കിൽ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ പോലീസ് എഫ്ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. “നഗ്നചിത്രം പരസ്യമായതിനെ തുടർന്ന് മറ്റ് ചിലർ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന ആരോപണവുമുണ്ട്. ഇക്കാര്യത്തിലും ഉടൻ നടപടി സ്വീകരിക്കും ”ദിബ്രുഗഡ് എസ്പി പറഞ്ഞു.