മലപ്പുറം: കരുവാരക്കുണ്ടില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വിവാഹം നടത്തിയവർക്കെതിരെ കേസെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം ആണ് വീട്ടുകാർ നടത്തിയത്.
പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ,മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. ബാലവിവാഹനിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് റെസ്ക്യൂ ഓഫീസറുടെ പരാതിയെ തുടർന്നാണ് കരുവാരക്കുണ്ട് പോലീസിന്റെ നടപടി. അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശൈശവ വിവാഹം വ്യാപകമായി നടന്നിരുന്ന മലപ്പുറം ജില്ലയിൽ നിയമം കർശനമായതോടെ വലിയ തോതിൽ കുറവ് വന്നിരുന്നു. ഇതിനിടെയാണ് ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവം കഴിഞ്ഞ ദിവസം കരുവാരക്കുണ്ടിൽ ഉണ്ടായിരിക്കുന്നത്.