കൊച്ചി: സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. വെള്ളിയാഴ്ച ജമ്മു കശ്മീർ ഇലവനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഡ്യൂറന്റ് കപ്പിനൊരുങ്ങുന്നതിന്റെ ഭാഗമാണ് സന്നാഹ മത്സരങ്ങൾ നടത്തിയത്.
കളിയുടെ ആദ്യപകുതിയിൽ സെയ്ത്യാസെൻ സിങ്ങും കളിയുടെ അവസാന ഘട്ടത്തിൽ സഞ്ജീവ് സ്റ്റാലിനും ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചു. എറണാകുളം പനമ്പിള്ളി നഗർ ഗ്രൗണ്ടിലായിരുന്നു മത്സരം നടന്നത്.
പ്രധാന താരങ്ങളായ ആൽബിനോ ഗോമസ്, ജെസെൽ കർണെയ്റോ, അബ്ദുൾ ഹക്കു, എനെസ് സിപോവിച്ച്, സന്ദീപ് സിങ്, ഗിവ്സൺ സിങ്, ഹർമൻജോത് ഖബ്ര, സെയ്ത്യാസെൻ സിങ്, കെ. പ്രശാന്ത്, കെ.പി രാഹുൽ, അഡ്രിയാൻ ലൂണ എന്നിവരെല്ലാം തന്നെ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടായിരുന്നു.
അതേസമയം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ട് സന്നാഹ മത്സരങ്ങളും കേരള യുണൈറ്റഡ് എഫ്സിക്കെതിരെയായിരുന്നു. ആദ്യ മത്സരത്തിൽ ടീം ഒരു ഗോളിന് പരാജയപ്പെട്ടപ്പോൾ രണ്ടാം മത്സരം 3-3ന് സമനിലയിലായി.