
ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ രണ്ടര വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി. തെക്കൻ പാലയൂർ ഓവാട്ട് ദിനേശ് മകൾ അശ്വതിക്കും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്.
അവശയായ നിലയിൽ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഡ്യൂട്ടി ഡോക്ടർ പരിശോധിക്കാൻ തയ്യാറായില്ലെന്ന് കുടുംബം പറയുന്നു. ഡ്യൂട്ടി ഡോക്ടർ തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞെന്നും, ഭക്ഷണം കഴിക്കാൻ പോകാൻ നേരമായെന്നും പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തത് മൂലം കുട്ടിക്ക് അപസ്മാരം അനുഭവപ്പെടുകയും ബന്ധുക്കൾ ബഹളമുണ്ടാക്കുകയും ചെയ്തതിനെ തുടർന്ന് കുട്ടിയെ ജില്ലാ ആശുപതിയിലേക്ക് മാറ്റാൻ ആവശ്യപെടുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ ബന്ധുക്കൾ, മുൻസിപ്പൽ കൗൺസിലർ സുപ്രിയ രാമേന്ദ്രൻ, പൊതു പ്രവർത്തകരായ നവാസ് തെക്കും പുറം, സി. സാദിഖ് അലി, ആസിഫ് പാലയൂർ എന്നിവരുടെ നേതൃത്വത്തിൽ ഡിഎംഒ ക്കും, സൂപ്രണ്ടിനും ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥക്കെതിരെ പരാതി നൽകി.