തിരൂരങ്ങാടി: സൈക്കിൾ ഹാൻഡിലിൽ ഒറ്റക്കൈ മാത്രം വെച്ച് ഫാഹിസ് ഫർഹാൻ രാജ്യത്തിന്റെ തന്നെ ഉയരത്തിലേക്ക് ചവിട്ടിക്കയറിയിരിക്കുകയാണ്.
44 ദിവസങ്ങൾ നീണ്ടുനിന്ന മാരത്തൺ യാത്രയ്ക്കൊടുവിലാണ് സമുദ്രനിരപ്പിൽ നിന്നു 18,380 അടി ഉയരത്തിലുള്ള കർതുംഗ്ലാ പാസിൽ ഫർഹാനെത്തിയത്.
സാധാരണക്കാർക്ക് പോലും പ്രയാസമായ ഇന്ത്യയുടെ ഹൃദയത്തിലൂടെ 4500 കിലോമീറ്റർ നീണ്ട ഒറ്റക്കൈ സൈക്കിൾ സവാരി കൊണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ് ഫർഹാൻ. മാരത്തൺ യാത്രയിൽ സൈക്കിളിന്റെ ഗിയർ ലിവർ കാൽമുട്ടുകൊണ്ടാണ് ഫർഹാൻ നിയന്ത്രിച്ചത്.
മൂന്നിയൂർ വെളിമുക്ക് ആലുങ്ങലിലെ എരണിക്കൽ സ്വദേശിയായ ഫാഹിസ് ഫർഹാൻ 18 വയസ്സാണ്. ആലുങ്ങലിലെ എരണിക്കൽ അബ്ദുൽഖാദർ-നഹീമ ദമ്പതിമാരുടെ മകനാണ് ഫർഹാൻ. ജൂലൈ നാലിനാണ് സുഹൃത്ത് മൂന്നിയൂർ പാറക്കടവിലെ ജിൽഷാദുമൊത്ത് (21) ഒറ്റക്കൈ ഉപയോഗിച്ച് സൈക്കിൾ സവാരി ആരംഭിച്ചത്. ഇന്ത്യയിലെ ഒട്ടനവധി ഗ്രാമ-നഗരങ്ങൾ കടന്ന്
ലോകത്തിലെ തന്നെ ഉയരംകൂടിയ മോട്ടോർവാഹന പാതകളിലൊന്നായ കശ്മീരിലെ ലഡാക്ക് കർതുംഗ്ലാ പാസിൽ കഴിഞ്ഞ ബുധനാഴ്ചയാണ് എത്തിയത്.
അതോടൊപ്പം 2019-ൽ 340 കിലോമീറ്റർ ദൂരത്തിൽ ആദ്യയാത്ര ഊട്ടിയിലേക്കും 2020-ൽ കാസർകോട്ടുനിന്ന് 850 കിലോമീറ്റർ ദൂരത്തിൽ തിരുവനന്തപുരത്തേക്കും സൈക്കിൾ സവാരി നടത്തി ശ്രദ്ധേയനായിരുന്നു ഫർഹാൻ.
അതേസമയം തീവണ്ടി മാർഗം നാട്ടിലേക്കു തിരിച്ചെത്തുന്ന ഫർഹാനെയും ജംഷാദിനെയും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. പാരാ ഒളിമ്പിക്സിൽ സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കണമെന്നാണ് ഫർഹാന്റെ വലിയ ആഗ്രഹം.