ഏറെ ആശങ്ക ഉയർത്തി കേരളത്തിൽ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൊതുകുകളാണ് ഈ രോഗത്തിന്റെ രോഗവാഹകർ. ഡെങ്കിപ്പനിക്കും ചിക്കൻ ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധിക്കും.
വൈറസിനെതിരെ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
◻️ലക്ഷണങ്ങൾ എന്തൊക്കെ?
പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷന്റെ കാലയളവ്.
സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ കാണാറില്ല. മരണങ്ങൾ അപൂർവമാണ്.
◻️ആരെയാണ് പ്രധാനമായും ബാധിക്കുക?
ഗർഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗർഭകാലത്തുള്ള സങ്കീർണതയ്ക്കും ഗർഭഛിത്രത്തിനും കാരണമായേക്കാം.
കുട്ടികളിലും മുതിർന്നവരിലും സിക്ക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും.
എങ്ങിനെ കണ്ടു പിടിക്കാം?
എൻ.സി.ഡി.സി. ഡൽഹി, എൻ.ഐ.വി. പൂന എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്.
ആർടിപിസിആർ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.
◻️
ചികിത്സ ലഭ്യമാണോ?
നിലവിൽ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവർ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങൾ കൂടുന്നെങ്കിൽ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗർഭിണികൾ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.
◻️എങ്ങിനെ നേരിടാം?
കൊതുകു കടിയിൽ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം.
പകൽ സമയത്തും വൈകുന്നേരവും കൊതുക് കടിയിൽ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗർഭിണികൾ, ഗർഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകൾ, കൊച്ചുകുട്ടികൾ എന്നിവർ കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയിൽ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗർഭിണികളും പകൽ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കിൽ കൊതുക് വലയ്ക്ക് കീഴിൽ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനിൽക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കാണം.