തോട്ടിൽ കുളിക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്ദിയോട് കുടവനാട് ആലംപാറ തോട്ടരികത്ത് ആര്യാ ഭവനിൽ അരുൺ(റെമോ കണ്ണൻ–21) ആണ് പാലോട് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ആറു മണിയോടെ പ്രതി തന്റെ വീട് അടിച്ചു തകർക്കുകയും മാതാപിതാക്കളെയും ഭാര്യയെയും അക്രമിച്ച് അവരെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് വീട്ടിനടുത്തുള്ള തോട്ടിൽ കുളിച്ചു കൊണ്ടിരുന്ന യുവതിയെ കടന്നു പിടിച്ചു മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.
ഈ സമയം റോഡിലൂടെ പോയ ബൈക്ക് യാത്രക്കാരനെ ഇയാൾ തടഞ്ഞു കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവമറിഞ്ഞു പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ സമീപത്തെ വനത്തിൽ ഒളിച്ചു. തുടർന്നു നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നിരവധി കേസിലെ പ്രതിയായ യുവാവിനെതിരെ ഗുണ്ടാ നിയമപ്രകാരമുളള നടപടികൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.