ആർത്തവ കാലങ്ങളിൽ ഒരുപാട് ശാരീരിക – മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണ് പലരും. ശക്തിയേറിയ വേദന കാരണം ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നു…
ആർത്തവകാലത്ത് പെൺകുട്ടികളിൽ ആദ്യദിവസം അടിവയർ വേദന ആയിട്ടോ നടുവേദന ആയിട്ടോ കാണാറുണ്ട്. ഇതിനോട് അനുബന്ധിച്ച് ഓക്കാനം, ഛർദ്ധി, തലവേദന, കാലുകഴപ്പ് എന്നിവയിലേതെങ്കിലുമോക്കെവരാം.
ശാരീരികവും മാനസികവുമായ പല ഘടകങ്ങളും ഇതിനെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. മുതിർന്നവരിൽ ഗർഭാശയ സംബന്ധമായ പല രോഗങ്ങളുടെയും ഭാഗമായി ശക്തിയേറിയ വേദന വരാം. അഡിനോമയോസിസ്, എൻഡോമെട്രിയോസിസ്, ഗർഭാശയമുഴ, ഗർഭാശയ സംബന്ധമായി വരുന്ന നീർക്കെട്ട് തുടങ്ങിയ രോഗാവസ്ഥകളിൽ ഒക്കെ ആർത്തവകാലത്ത് ദിവസങ്ങളോളം നീണ്ട വേദന അനുഭവപ്പെടാം. ഇവരിൽ പലപ്പോഴും രക്തസ്രാവത്തിലും വ്യത്യാസം ഉണ്ടാവാറുണ്ട്.
ശ്രദ്ധിക്കേണ്ടത് എന്തെല്ലാം…??..
• മാനസിക ബലം മെച്ചപ്പെടുത്തുക
• അർത്തവസ്രാവമുള്ള
ദിവസങ്ങളിലൊഴികെ, ശരീരബലം അനുസരിച്ച് കൃത്യമായി വ്യായാമം ചെയ്യുക.
• മലം മൂത്രം എന്നിവ പോവാൻ തോന്നുമ്പോൾ അത് തടഞ്ഞുവയ്ക്കാതിരിക്കുക.
• നിത്യവും മലശോധന കിട്ടാത്തവർ അത് സുഗമമാക്കുന്നതിനാവശ്യമായ ആഹാരങ്ങളും, ആവശ്യമെങ്കിൽ ഔഷധവും ഉപയോഗിച്ച് ക്രമപ്പെടുത്തുക
• വൻപയർ, കടല, പരിപ്പ്, ഗ്രീൻപീസ് ധാരാളം എരിവടങ്ങിയ ആഹാര പദാർത്ഥങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ മുതലായവ പരമാവധി ഒഴിവാക്കുക.
• തീവ്രമായ വേദന ഉള്ളവരിൽ രക്തപരിശോധന, അൽട്രാസൗണ്ട് സ്കാനിംഗ്, എം. ആർ. ഐ എന്നീ പരിശോധനകൾ വേണ്ടി വരും.
ചികിത്സ
വൈദ്യനിർദേശപ്രകാരം രോഗത്തിനും വ്യക്തിയുടെ പൊതുവിലുള്ള ആരോഗ്യത്തിനും അനുസരിച്ച് ആർത്തവസ്രാവത്തിന് മുന്നോടിയായി തന്നെ ആയുർവേദ ഔഷധങ്ങൾ തുടങ്ങാവുന്നതാണ്. അതുപോലെതന്നെ, വ്യക്തിനിഷ്ഠമായി ചെയ്യുന്ന വിരോധം, വസ്തി, അവഗാഹം ( ഔഷധങ്ങളിട്ടു ഉണ്ടാക്കിയതോ അല്ലാത്തതോ ആയ ചെറുചൂടു വെള്ളത്തിൽ ഇറങ്ങി ഇരിക്കുക) ഉദരവസ്തി എന്നീ ചികിത്സകളും വളരെ പ്രയോജനപ്രദമാകും